Your Image Description Your Image Description

വിവാദപ്രസ്താവനയിൽ മറുപടിയുമായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. എന്തിനാണ് എല്ലാവരും സ്വകാര്യ മേഖലയിൽ പോകുന്നതെന്ന് ചോദിച്ചപ്പോഴുള്ള മറുപടിയായാണ് 2018ലെ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവം പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

‘2018ൽ ഡെങ്കിപ്പനി വന്നപ്പോൾ സർക്കാർ ആശുപത്രിയിൽ പോയി. എന്റെ രോഗം മൂർച്ചിച്ചപ്പോൾ ആശുപത്രിക്കാരുടെ നിർദ്ദേശപ്രകാരം വീട്ടുകാർ അമൃത ആശുപത്രിയിൽ കൊണ്ടുപോയി. ജീവൻ രക്ഷിച്ച് കൊണ്ടുവന്നു. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനല്ല, അമൃതയിലേക്ക് കൊണ്ടു പോകാനാണ് പറഞ്ഞത്. സ്വകാര്യ ആശുപത്രി മോശമാണെന്ന് കാണുന്നയാളല്ല ഞാൻ. സർക്കാർ ആശുപത്രി പോലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രി കേരളത്തിലുണ്ട്’, സജി ചെറിയാൻ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിൽ പോകുന്നത് പാപമാണെന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താൻ പറഞ്ഞതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിലെ ചെറിയ ആശുപത്രിയിലാണ് താൻ പോയതെന്നും അസുഖം വന്ന് ബോധക്കേടായി നിൽക്കുമ്പോൾ തനിക്കല്ലല്ലോ എവിടെയാണ് പോകേണ്ടതെന്ന് അറിയുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. അമൃതയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ആളുകൾ അവിടെ കൊണ്ടുപോയി. അതിനർത്ഥം സർക്കാർ ആശുപത്രികൾ മോശമാണെന്നല്ല. എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും താൻ പറഞ്ഞത് എങ്ങനെ വേണേലും വ്യാഖ്യാനിക്കാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുമേഖല ലോകത്തിനും ഇന്ത്യയ്ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സജി ചെറിയാന്റെ പരാമർശമാണ് വിവാദമായത്. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts