ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കുന്ന രാഷ്ട്രീയ കേരളവും തമിഴ്നാടും ഒരുപോലെ ചർച്ച ചെയ്യുന്നത് നടി തൃഷ കൃഷ്ണന്റെ തിരുപ്പതി സന്ദർശനമാണ്. തന്റെ 43-ാം പിറന്നാളിന് മുന്നോടിയായി താരം നടത്തിയ ഈ ക്ഷേത്രദർശനം കേവലം ഒരു ആത്മീയ യാത്ര എന്നതിലുപരി രാഷ്ട്രീയമായ ചില സൂചനകൾ നൽകുന്നതാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
തിങ്കളാഴ്ച പുലർച്ചെയാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തിയത്. ഞായറാഴ്ച രാത്രി യാത്രയുടെ ദൃശ്യങ്ങൾ താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പൊതുജനശ്രദ്ധയിൽ പെടാതെ അതീവ രഹസ്യമായി നടത്തിയ ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, സുഹൃത്തും സഹപ്രവർത്തകനുമായ ദളപതി വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വിജയത്തിനായാണോ താരം പ്രാർത്ഥന നടത്തിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
നേരത്തെ ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വിജയ്‍ക്കുള്ള പരസ്യമായ പിന്തുണയാണെന്ന് അന്ന് തന്നെ വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന്റെ വീഡിയോകളും വൈറലായിരുന്നു. വിജയ്‍യുടെ വ്യക്തിജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലും ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ സജീവ ചർച്ചയാണ്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന നിർണ്ണായക ദിനത്തിൽ തൃഷ നടത്തിയ ഈ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. സിനിമയ്ക്കപ്പുറം തമിഴ് രാഷ്ട്രീയത്തിലെ പുതിയ നീക്കങ്ങൾക്കും താരം പിന്തുണ നൽകുന്നു എന്ന സൂചനയാണ് ആരാധകർ ഇതിൽ നിന്ന് വായിച്ചെടുക്കുന്നത്.
