Your Image Description Your Image Description

പേപ്പര്‍ ബാഗില്‍ തുടങ്ങി വസ്ത്ര നിര്‍മാണത്തിലേക്ക് മുന്നേറിയ വിജയകഥയുമായി പത്തനംതിട്ട പന്തളം നേച്ചര്‍ ബാഗ്സ് യൂണിറ്റ്. രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2014 ല്‍ അഞ്ച് വനിതകള്‍ ആരംഭിച്ച സംരംഭം 35 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്ഥാപനമാണിന്ന്. പന്തളം നഗരസഭയിലെ മുളമ്പുഴ വാര്‍ഡില്‍ കുടുബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകര്‍.

കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പുതിയ സംരംഭകര്‍ക്ക് വൈദഗ്ദ്യ പരിശീലനം നല്‍കുന്ന ഏജന്‍സിയായും ‘നേച്ചര്‍ ബാഗ്‌സ്’ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീയുമായി ചേര്‍ന്ന് നിലവില്‍ 750 വനിതകളെ സ്വയംതൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കി. കുടുംബശ്രീ ജില്ലാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റോടെ തുണി സഞ്ചി രൂപകല്‍പന ചെയ്യുന്നതിലും മോടി പിടിപ്പിക്കുന്നതിലും തയ്യലിലുമാണ് പരിശീലനം. യൂണിറ്റിലേക്ക് ആവശ്യമായ മെഷിനറി വാങ്ങുന്നതിനും പ്രവര്‍ത്തന മൂലധനാവശ്യത്തിനും കുടുംബശ്രീ മുഖേനെ ധനസഹായവുമുണ്ട്.

പേപ്പര്‍, സ്‌കൂള്‍, കോളജ്, ലാപ്ടോപ് ബാഗുകള്‍, പരിസ്ഥിതി-സൗഹൃദ തുണി ബാഗുകള്‍, യൂണിഫോം, പലവിധ അളവുകളില്‍ വസ്ത്രങ്ങള്‍, ലേഡീസ് ബാഗ്, പേഴ്സുകള്‍, ജൂട്ട് ബാഗുകള്‍, ഫയല്‍ ഫോള്‍ഡറുകള്‍, തൊപ്പികള്‍ എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍. തുണി സഞ്ചി 10 മുതല്‍ 200 രൂപ വരെയും സ്‌കൂള്‍ ബാഗിന് 350 മുതല്‍ 2000 രൂപ വരെയുമാണ് വില. ഓണ്‍ലൈന്‍ വിപണിയിലും സജീവം. തുണിയുടെ നിലവാരവും ചിത്രപണികളും പരിഗണിച്ചാണ് വില നിര്‍ണയം. കോറ കോട്ടണ്‍, പോളിസ്റ്റര്‍, സില്‍ക് തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ബാഗ് നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഏറണാകുളം, ബാഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തുണിത്തരങ്ങള്‍ ഈറോഡ്, തിരുപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്നു.

Related Posts