Home » Blog » kerala Max » വായുനിലവാരം മോശമാകുന്നു; കൊച്ചിയിലും ജാഗ്രതാ നിർദ്ദേശവുമായി കെയർ ഹെൽത്ത് ഇൻഷുറൻസ്
9

കൊച്ചി: ശൈത്യകാലത്ത് വായുനിലവാരം മോശമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു മാസത്തിനിടെ കൊച്ചിയിലെ സൂക്ഷ്മ കണികാ (PM2.5) മലിനീകരണം ഏകദേശം ഇരട്ടിയായി വർധിക്കുകയും ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധിക്ക് മുകളിലെത്തുകയും ചെയ്തിട്ടുണ്ട്. ഉയർന്ന ഈർപ്പം മലിനീകരണ കണങ്ങളെ ഭൂമിയോട് ചേർത്ത് നിർത്തുന്നതിനാൽ ആളുകൾ ഇവ ശ്വസിക്കാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കെയർ ഹെൽത്ത് ഇൻഷുറൻസിന്റെ ക്ലെയിം ഡാറ്റ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ ആകെ ആശുപത്രി ക്ലെയിമുകളുടെ ഏകദേശം 8.2 ശതമാനവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കായിരുന്നു. 2025 സെപ്റ്റംബറിലും ഒക്ടോബറിലും ഇവ 11 ശതമാനം വീതം വർധിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ശ്വാസകോശ രോഗ ക്ലെയിമുകളുടെ 58 ശതമാനവും കുട്ടികളും മുതിർന്ന പൗരന്മാരുമാണ്. കുട്ടികൾ (0-12 വയസ്സ്) 40 ശതമാനവും മുതിർന്ന പൗരന്മാർ (60 വയസ്സിന് മുകളിൽ) 17 ശതമാനവുമാണ്. 2025 ഒക്ടോബറിൽ ഇത് 63 ശതമാനമായി ഉയർന്നു. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, മുൻപ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിട്ടുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വായുനിലവാരം മോശമാകുന്ന സാഹചര്യത്തിൽ ഓരോ പ്രദേശത്തെയും വായു ഗുണനിലവാര സൂചിക ദിവസവും പരിശോധിക്കണമെന്നും അത് 200-ന് മുകളിലായാൽ അതിരാവിലെയും വൈകുന്നേരങ്ങളിലുമുള്ള പുറത്തുള്ള വ്യായാമങ്ങൾ പരിമിതപ്പെടുത്തണമെന്നും കമ്പനി നിർദ്ദേശിക്കുന്നു. മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൃത്യമായി ചേരുന്ന എൻ 95 മാസ്ക് ധരിക്കുക, വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടുക, ഹെപ്പ ഫിൽറ്റർ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആസ്ത്മ, സി.ഒ.പി.ഡി, ഹൃദ്രോഗം, പ്രമേഹം എന്നിവയുള്ളവർ എന്നിവരെ പ്രത്യേകമായി പരിചരിക്കുകയും ഇൻഹേലറുകളും ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളും കൈവശം കരുതുകയും വേണം.

ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, വീസിംഗ്, നെഞ്ചുവേദന, ഹൃദയമിടിപ്പിലെ വ്യത്യാസം, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണം. മാലിന്യങ്ങളും ഇലകളും വിള അവശിഷ്ടങ്ങളും കത്തിക്കുന്നത് ഒഴിവാക്കുകയും വീടിനുള്ളിലെ ചന്ദനത്തിരി, കൊതുകുതിരി എന്നിവയുടെ പുക നിയന്ത്രിക്കുകയും ചെയ്യണം. വർധിച്ചുവരുന്ന ചികിത്സാച്ചെലവുകൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൃത്യമായി വിലയിരുത്തുകയും വെർച്വൽ കൺസൾട്ടേഷൻ സൗകര്യങ്ങൾ പോളിസിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നത് അടിയന്തര ഘട്ടങ്ങളിൽ സഹായകരമാകുമെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു.

ഇന്ത്യയിൽ വായു മലിനീകരണം ആവർത്തിച്ചുള്ള പൊതുജനാരോഗ്യ പ്രശ്നമാണെന്നും ഇത് ശ്വാസകോശത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ചികിത്സാച്ചെലവും വർധിപ്പിക്കുന്നുണ്ടെന്നും കെയർ ഹെൽത്ത് ഇൻഷുറൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബിസിനസ് ഓഫീസറുമായ മനീഷ് ഡോഡേജ പറഞ്ഞു. അപ്രതീക്ഷിത രോഗങ്ങൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാമെന്നതിനാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അടിയന്തര ചികിത്സാച്ചെലവുകൾക്കായി മുൻകൂട്ടി തയ്യാറെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *