Home » Blog » kerala Max » വനിതാ ഡ്രൈവര്‍മാരുടെ സേവനം വിപുലീകരിച്ച് ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ്
2

കൊച്ചി : വനിതാ ഡ്രൈവര്‍മാരുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ്. കോര്‍പറേറ്റ് യാത്രകള്‍ക്കു പുറമെ വിവാഹച്ചടങ്ങുകള്‍, സമ്മേളനങ്ങള്‍, ഹോട്ടല്‍-വിനോദസഞ്ചാര മേഖല, വിമാനത്താവള യാത്രകള്‍ തുടങ്ങിയവയ്ക്കും വനിതാ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കും. ഐബിഎസ് സോഫ്റ്റ്വെയറിന്റെ സിഎസ്ആര്‍ പിന്തുണയോടെ ഐബിഎസ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.

വനിതാ ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കുന്നതിനുള്ള അടുത്ത പരിശീലന ബാച്ചിലേക്ക് 21നും 50നും ഇടയില്‍ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളം കാക്കനാട്ട് നടക്കുന്ന പരിശീലനം ഭക്ഷണവും പഠനസാമഗ്രികളും ഉള്‍പ്പെടെ സൗജന്യമാണ്. ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഡ്രൈവിങ് പരിശീലനത്തിനുപുറമെ, പെരുമാറ്റരീതികള്‍ക്കും ആശയവിനിമയത്തിനും പ്രാധാന്യം നല്‍കുന്ന ക്ലാസ്റൂം പരിശീലനവും പദ്ധതിയുടെ ഭാഗമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേഷനും ഫ്യൂച്ചര്‍പോയിന്റില്‍ തൊഴില്‍ അവസരവും ലഭിക്കും. പ്രതിമാസം 20,000 മുതല്‍ 25,000 രൂപവരെ വരുമാനത്തിനൊപ്പം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവുകളും ലഭിക്കും. താല്‍പര്യമുള്ളവര്‍ 8129902043 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും തൊഴില്‍ പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള സംരംഭമാണിതെന്ന് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിച്ച പ്രതികരണമാണ് കൂടുതല്‍ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പ്രേരണയായത്. സാമൂഹിക പ്രതിബദ്ധതയും ബിസിനസ് സുസ്ഥിരതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2025 ഏപ്രിലിലാണ് ഫ്യൂച്ചര്‍പോയിന്റ് ക്യാബ്‌സ് ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് 2026-ലെ സിഐഐ ദേശീയ പരിസ്ഥിതി മികച്ച പ്രവര്‍ത്തന പുരസ്‌കാരവും ലഭിച്ചു. ആകെ പൂര്‍ത്തിയാക്കിയ 7,150 യാത്രകളില്‍ 5,000-ത്തിലധികവും ഇലക്ട്രിക് വാഹനങ്ങളിലായിരുന്നു. വാഹനങ്ങള്‍ സഞ്ചരിച്ച ആകെ 2.5 ലക്ഷം കിലോമീറ്ററില്‍ 1.75 ലക്ഷത്തിലധികം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലൂടെയായിരുന്നു. ഈ നേട്ടത്തിനാണ് 13-ാമത് സിഐഐ ദേശീയ പരിസ്ഥിതി മികച്ച പ്രവര്‍ത്തന പുരസ്‌കാരത്തിലെ എക്‌സലന്റ് എന്‍വയോണ്‍മെന്റല്‍ പ്രോജക്ട് അവാര്‍ഡ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *