Your Image Description Your Image Description

അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള യുഎസ്, ചൈന എന്നീ രാജ്യങ്ങളുടെ വാഹന വിപണിയെ പിന്നിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ റാവന്‍ഷോ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ അമേരിക്കയില്‍ 79 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 48 ലക്ഷം കോടിയാണ് വാഹന വിപണിയുടെ സംഭാവന. 22 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ വാഹന വിപണി കഴിഞ്ഞ വര്‍ഷം നേടിയതെന്നും മന്ത്രി അറിയിച്ചു.

താന്‍ ഉപരിതല ഗതാഗത മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ വാഹന വിപണിയില്‍ 13 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഗഡ്കരി അവകാശപ്പെട്ടു. 2024-ല്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോഡാണ് ഇന്ത്യ കൈവരിച്ചത്. 4.3 മില്ല്യണ്‍ കാറുകളാണ് ഈ ഒരുവര്‍ഷം നിരത്തുകളില്‍ എത്തിയത്. ഇതില്‍ തന്നെ 65 ശതമാനം എസ്‌യുവികളായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 20.5 മില്ല്യണിലെത്തി. ഇതും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ 2.7 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുള്ളത്. 9,50,000 യൂണിറ്റായിരുന്നു 2024-ല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന.

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലകളില്‍ ഒന്നും വാഹന വിപണിയും ഇതുമായി ബന്ധപ്പെട്ട വ്യവസായവുമാണെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്. 4.5 കോടി ആളുകളാണ് ഇന്ത്യയില്‍ വാഹന വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. വാഹന മേഖലയില്‍ നിന്നുള്ള ജിഎസ്ടിയിലൂടെ വലിയ സംഖ്യയാണ് ഖജനാവിലേക്ക് എത്തുന്നതെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. 2030-ഓടെ ലോകത്തിന്റെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയായിരിക്കുമെന്നാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്. 2014-ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞിരുന്നു. അന്ന് അതാരും വിശ്വസിച്ചില്ല. പക്ഷെ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts