Your Image Description Your Image Description

പുണെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്. സംഗ്ലി ജില്ലയിലെ ഇസ്ലാപുരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈയിലും കഴുത്തിലും മുറിവുകളുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

കാറിന് സമീപം യുവതിയുടെ മൃതദേഹം കണ്ട് വഴിയാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വനിതാ ഡോക്ടര്‍ പൂണെയിലെ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

വീട്ടില്‍നിന്ന് യാത്രതിരിച്ചത് മുതല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയിരുന്നു. ഡോക്ടര്‍ സഞ്ചരിച്ച വഴിയിലെ ടോള്‍ബൂത്തുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദൃശ്യങ്ങളിലെല്ലാം ഡോക്ടര്‍ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നും വാഹനം നിര്‍ത്തിയിട്ടസ്ഥലം വരെ അവര്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കാറിന്റെ ഡ്രൈവര്‍ സീറ്റ് മുതല്‍ പിന്‍ഭാഗത്തുവരെ ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരു ബ്ലേഡും കണ്ടെത്തി. വാഹനത്തിനുള്ളില്‍വെച്ച് സ്വയം മുറിവേല്‍പ്പിച്ചശേഷം ഡോക്ടര്‍ കാറില്‍നിന്ന് പുറത്തിറങ്ങിയതാകാമെന്നാണ് നിഗമനം. കൈത്തണ്ടയില്‍ മാത്രം നാല് മുറിവുകളുണ്ടായിരുന്നു. കഴുത്തിലും മുറിവുണ്ട്. രാത്രി ഏഴരയ്ക്കും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്നും പോലീസ് അറിയിച്ചു.

നേരത്തെ ഡോക്ടറും ഭര്‍ത്താവും മുംബൈയില്‍ ക്ലിനിക്ക് നടത്തിയിരുന്നതായാണ് വിവരം. ഇവര്‍ക്ക് പത്താംക്ലാസില്‍ പഠിക്കുന്ന മകനും എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ മകളും ഉണ്ട്. എന്നാല്‍, കോവിഡ് സമയത്ത് മുംബൈയിലെ ക്ലിനിക്ക് അടച്ചുപൂട്ടേണ്ടിവന്നതോടെ കുടുംബം പൂണെയിലേക്ക് താമസംമാറി. ഇതിനുശേഷം വനിതാ ഡോക്ടര്‍ കടുത്തവിഷാദത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts