
കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട മന്ത്രി കെ.എം. ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളും പുറത്തുവന്നു.
1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 92 എ (വാഹനങ്ങളിൽ പേര് വെച്ച ബോർഡുകൾ പ്രദർശിപ്പിക്കുന്നതിനുള്ള നിരോധനം) പ്രകാരം, 2015-ലാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 2019 നവംബർ 15-ന് നിയമസഭയിൽ അന്നത്തെ എം.എൽ.എ പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് ഈ ഉത്തരവ് തെളിവായി ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാരിൽനിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ടതോ ഔദ്യോഗികമായി നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിൽ മാത്രമേ മന്ത്രിമാർക്ക് ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്യാൻ അനുവാദമുള്ളൂ എന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. ഗവർണർക്കോ എം.എൽ.എമാർക്കോ നൽകിയിട്ടുള്ള ഇളവുകൾ മന്ത്രിമാർക്ക് ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിലുണ്ട്
കുടക് യാത്രയ്ക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതിനെതിരെയുള്ള വിവാദങ്ങൾക്ക് മറുപടിയായി കെ.എം. ഷാജി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ രേഖകൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനമെന്നും, സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ നിയമപരമായ തടസ്സമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സർക്കാർ അനുവദിച്ച നമ്പറും കൊടിയും വെക്കുക എന്നത് മാത്രമാണ് പ്രോട്ടോക്കോൾ എന്നും, മറ്റ് മന്ത്രിമാർ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങുന്നത് വെറും കീഴ്വഴക്കം മാത്രമാണെന്നുമായിരുന്നു കെ.എം. ഷാജിയുടെ ന്യായീകരണം.
