രാജ്യത്തുടനീളമുള്ള ബിരുദ മെഡിക്കൽ, ഡെന്റൽ (MBBS, BDS) കോഴ്‌സുകളിലേക്കുള്ള നീറ്റ് യുജി (NEET UG 2026) കൗൺസിലിംഗ് ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) ഉടൻ പുറത്തിറക്കും. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കൗൺസിലിംഗ് വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് എംസിസി വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യത നേടിയ വിദ്യാർത്ഥികൾ കൗൺസിലിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് (mcc.nic.in) നിരന്തരം സന്ദർശിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡിജിഎച്ച്എസിന്റെ (DGHS) മേൽനോട്ടത്തിലാണ് എംസിസി ഓൺലൈൻ കൗൺസിലിംഗ് നടത്തുന്നത്. 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ, കേന്ദ്ര സർവകലാശാലകൾ, പൂനെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് (AFMC), ഇഎസ്ഐസി ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനമാണ് ഇതിലൂടെ നടക്കുക.
