കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനകളിൽ വൻ ലഹരിമരുന്ന് ശേഖരവുമായി 16 പേർ പിടിയിലായി. ഒമ്പത് വ്യത്യസ്ത കേസുകളിലായി നടത്തിയ റെയ്ഡുകളിൽ 3 കിലോയിലധികം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 2,502 ക്യാപ്റ്റഗൺ ഗുളികകൾ, ഹെറോയിൻ, ഹാഷിഷ്, മാരക രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. വിൽപനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചതാണ് ഇവയെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ച 3 ഡിജിറ്റൽ ത്രാസുകളും വിൽപനയിലൂടെ ലഭിച്ച 960 കുവൈത്തി ദിനാറും റെയ്ഡിൽ കണ്ടെടുത്തു. രഹസ്യ വിവരങ്ങളുടെയും കൃത്യമായ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
