Your Image Description Your Image Description

ലഖ്‌നൗ: കറിയില്‍ ഉപ്പ് കൂടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന 25 -കാരിയായ ബ്രജ്ബാല ആണ് ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് മരിച്ചത്. അഞ്ച് മാസം ഗർഭിണിയായിരുന്നു ബ്രജ്ബാല. സംഭവത്തിൽ ഭർത്താവ് രാമുവിനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട്, രാജേഷ് ഭാരതി പറഞ്ഞു.

ഭക്ഷണവുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തര്‍ക്കമാണ് ബ്രജ്ബാലയുടെ മരണത്തില്‍ അവസാനിച്ചത്. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്ന് പറഞ്ഞ് ഭര്‍ത്താവായ രാമു ബ്രജ്ബാലയെ അടിക്കാന്‍ തുടങ്ങുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്റെ മുകളില്‍ നിന്നും താഴേക്ക് വീണു. വീഴ്ചയില്‍ സാരമായി പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് അലിഗഡ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട രാമുവിനെ ഗ്രാമത്തിന് പുറത്തുള്ള ഒരു വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബ്രജ്ബാലയുടെ മരണത്തെ തുടര്‍ന്ന് രാമുവിന് സഹോദര ഭാര്യയുമായി അവിഹിത ബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന്‍ രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. ബ്രജ്ബാലയുടെ മൃതദേഹം ഇപ്പോൾ പോലീസ് കസ്റ്റഡിയില്‍ ആണ്. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts