മോഷണം കണ്ടെത്താൻ എഐ : വരുന്നു പുതിയ സാങ്കേതികവിദ്യ

നിര്‍മിതബുദ്ധി ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്ന ഒരാള്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയാണോ എന്ന് കണ്ടെത്താന്‍ കഴിയുന്ന അല്‍ഗോരിതം വികസിപ്പിച്ചെടുത്തതായി പാരീസ് ആസ്ഥാനമായ വീഷന്‍ (Veesion) എന്ന എ.ഐ സ്റ്റാര്‍ട്ടപ്പ്. മോഷണം നടന്ന ശേഷം പിടികൂടുന്നതിന് പകരം മോഷണം നടത്താന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അത് തടയുന്നതാണ് പുതിയ സംവിധാനം. യൂറോപ്പ്, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ 5,000 സ്റ്റോറുകളില്‍ ഈ എഐ സാങ്കേതികവിദ്യ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് എ.ഐ ഉപഭോക്താക്കളുടെ ചലനങ്ങള്‍ വിശകലനം ചെയ്യുന്നത്.

ഒരു വസ്തു എടുക്കാനോ മറച്ചുവെക്കാനോ ശ്രമിക്കുമ്പോഴുണ്ടാകുന്ന തരത്തിലുള്ള ചലനം ശ്രദ്ധയില്‍പ്പെടുകയും സംശയാസ്പദമായി തോന്നുകയും ചെയ്താല്‍ അതിന്റെ വീഡിയോ ക്ലിപ്പ് അടയാളപ്പെടുത്തി അധിക വിശദാംശങ്ങളോടൊപ്പം സുരക്ഷാ ടീമിന് അയയ്ക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തുന്നവരുടെ രൂപഭാവങ്ങള്‍ നോക്കിയല്ല മോഷ്ടിക്കാന്‍ സാധ്യതയുള്ളവരെ തിരിച്ചറിയുന്നത്. അതൊന്നും അല്‍ഗോരിതം ശ്രദ്ധിക്കുകയേയില്ല. ഓരോരുത്തരുടെയും ശരീരഭാഗങ്ങള്‍ എങ്ങനെ ചലിക്കുന്നു എന്നത് മാത്രമാണ് ശ്രദ്ധിക്കുന്നത്. ക്യാമറകളില്‍ ഒരു എഐ ഉണ്ടെന്ന് പിന്നീട് ഉപഭോക്താക്കള്‍ തിരിച്ചറിയും. അതിനാല്‍ അവര്‍ ശ്രദ്ധാലുക്കളായിരിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

പരമ്പരാഗത നിരീക്ഷണ സംവിധാനങ്ങള്‍ മോഷണം തടയുന്നതില്‍ കാര്യക്ഷമമല്ലെന്നാണ് കമ്പനി പറയുന്നത്. ജീവനക്കാരുടെ കുറവ് കാരണം മിക്ക സിസിടിവി ദൃശ്യങ്ങളും ശ്രദ്ധിക്കാതെ പോകുന്നു. വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്ക് തട്ടിപ്പ് തടയാന്‍ തത്സമയ വിശകലനം ലഭ്യമാണെങ്കിലും സാധാരണ സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം അവയൊന്നുമില്ല. എന്നാല്‍ കടകളില്‍ മോഷണം നടത്തുന്നവരെ കണ്ടെത്താന്‍ വീഷന്റെ എ.ഐ സംവിധാനത്തിന് ബയോമെട്രിക്‌സ് ഉപയോഗമോ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കലോ ആവശ്യമില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുമായി സംയോജിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാര്‍ക്ക് തത്സമയ അലേര്‍ട്ടുകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പ് വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ നടന്ന സീരീസ് ബി ഫണ്ടിങ്ങില്‍ 373 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. കടകളില്‍ നടക്കുന്ന മോഷണം വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ സംവിധാനത്തിന്റെ പ്രസക്തി. ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനടക്കം സഹായിക്കുമെന്ന് കമ്പനി പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *