Your Image Description Your Image Description

മൈക്രോസോഫ്റ്റിന്റെ ജനറേറ്റീവ് എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ കോപൈലറ്റിന് ഇനി മുതൽ ഒരു മുഖമുണ്ടാകും. കോപൈലറ്റ് ലാബ്‌സിന്റെ ആദ്യ പ്രിവ്യൂവിലാണ് ഈ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. മധുരപലഹാരമായ മാര്‍ഷ്‌മെലോയുടെ രൂപത്തിലാണ് അവതാര്‍ ഇത് ഒരുക്കിയത്. തത്സമയ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട് ഇതിന്. ശബ്ദസംഭാഷണത്തിനിടെ ചിരിക്കാനും തലയാട്ടാനും മറ്റ് മുഖഭാവങ്ങള്‍ കാണിക്കാനുമെല്ലാം ഇതിനാവും. കോപൈലറ്റിന്റെ വെബ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭിക്കുക.

വിന്‍ഡോസിലേക്കും മൊബൈല്‍ ആപ്പിലേക്കും ഇത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോ പൈലറ്റിന്റെ വോയ്‌സ് മോഡിലാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. കോപൈലറ്റിനോട് ‘ഹായ്’ പറഞ്ഞാല്‍, ശബ്ദത്തില്‍ മറുപടി പറയുന്നതിനൊപ്പം മുഖം ചിരിവരുന്നതും കാണാം. മുസ്തഫ സുലൈമാന്റെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റിന്റെ എഐ ടീം കോപൈലറ്റിനെ വ്യക്തിഗത സംഭാഷണങ്ങള്‍ക്കുള്ള എഐ അസിസ്റ്റന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കോപൈലറ്റിന് ഒരു സ്ഥിരമായ വ്യക്തിത്വവും സാന്നിധ്യവും ഒപ്പം അത് ജീവിക്കുന്ന ഒരു മുറിയുമുണ്ടാവുമെന്നും അതിന് പ്രായമാകുമെന്നും ഒരു പരിപാടിയ്ക്കിടെ മുസ്തഫ സുലൈമാന്‍ പറഞ്ഞിരുന്നു.

അതേസമയം നിലവില്‍ അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ ചിലയാളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഇത് മറ്റ് രാജ്യങ്ങളില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമായിട്ടില്ല.

Related Posts