Your Image Description Your Image Description

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ സിനിമകളായ ഫെമിനിച്ചി ഫാത്തിമയും അപ്പുറവും മേഖലാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് (10) പ്രദർശനത്തിന്.

ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഉൾപ്പെടെ അഞ്ചോളം അവാർഡുകൾ കരസ്ഥമാക്കിയ ചിത്രമാണ് ഫാസിൽ മുഹമ്മദ്‌ സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ഉച്ചക്ക് 2.30 ക്ക്‌ കൈരളി തിയേറ്ററിലാണ് പ്രദർശനം.

ഭര്‍ത്താവിന്റെ കര്‍ശന നിയന്ത്രണത്തില്‍ ജീവിക്കുന്ന ഫാത്തിമ തന്റെ മകന്‍ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

വനിതാ സിനിമ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന കെഎസ്എഫ്ഡിസിയുടെ പദ്ധതി വഴി സംവിധാനത്തിലേക്ക് കടന്നുവന്ന ഇന്ദു ലക്ഷ്മിയുടെ അപ്പുറമാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. വൈകിട്ട് 6.15-ന് കൈരളിയിലാണ് പ്രദർശനം.

അർഷാദ് ഹഷേമി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അതേഴ്സ്, കൃഷാന്ദ് ആർ കെയുടെ സംഘർഷ ഘടന, അഭിജിത് മജൂംദാറിൻ്റെ ബോഡി എന്നിവയും ഐഎഫ്എഫ്കെയിൽ കയ്യടി നേടിയ ചിത്രങ്ങളാണ്. സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്ക് ആദരവായി ‘അങ്കുര്‍’ എആർസി കോർണേഷനിൽ വൈകിട്ട് എട്ടുമണിക്ക് പ്രദർശിപ്പിക്കും.

മെലഡികളില്‍ അലിഞ്ഞ് ചലച്ചിത്രോത്സവവേദി

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കൈരളി, ശ്രീ, കോര്‍ണേഷന്‍ തിയറ്ററുകളിലായി നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ‘പാട്ടോര്‍മ്മ’ എന്ന പേരില്‍ സംഗീത പരിപാടി അരങ്ങേറി. എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, കെ രാഘവന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി എന്നീ സംഗീത പ്രതിഭകളുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സുനില്‍കുമാര്‍, ഭാനു പ്രകാശ്, ആതിര കെ കൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്. ബാബുരാജിന്റെ സുറുമ എഴുതിയ മിഴികളേ… എന്ന ഗാനത്തോടെ ആരംഭിച്ച ‘പാട്ടോര്‍മ്മ’ പാവാട പ്രായത്തിൽ, താമസമെന്തേ വരുവാൻ തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മെലഡികൾ ആലപിച്ച് ചലച്ചിത്ര പ്രേമികൾക്ക് കലാവിരുന്നൊരുക്കി.

Related Posts