Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും. ഡാറ്റാ മാത്രമാണ് പറഞ്ഞതെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിഷയം ഡിഎംഇയുടെ ശ്രദ്ധയിലുംപെട്ടിട്ടില്ല. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്. അത് സാങ്കേതിക പ്രശ്‌നംകൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ഇന്നലെ മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡിഎംഇ) ചുമതല വഹിക്കുന്ന ഡോ വിഷ്ണുനാഥന്‍ അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രോബിന് കേടുപാടുള്ളത് കൊണ്ടാണ് ഒരു ശസ്ത്രക്രിയ മുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി വഴി 700 കോടി രൂപ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചിരുന്നു. യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങള്‍ അന്വേഷിക്കണം. പോസ്റ്റ് പിന്‍വലിച്ചതടക്കുമുള്ള കാര്യങ്ങള്‍ ഡോക്ടറോട് ചോദിക്കണമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്ന ആരോപണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം.

സംഭവം ചർച്ചയ്ക്ക് വഴിവെച്ചതോടെ ഡോ. ഹാരിസ് ചിറയ്ക്കൽ പോസ്റ്റ് പിൻവലിച്ചു. ഇതിന് പിന്നാലെ യൂറോളജി മേധാവിയുടെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *