Your Image Description Your Image Description

മുപ്പത് വർഷമായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പൊലീസ് പിടികൂടി. നിരവധി മോഷണക്കേസിലെ പ്രതിയായ പളുകൽ തേരുപുറം സ്വദേശി ജയകുമാറാണ് പിടിയിലായത്. 1996 കാലഘട്ടത്തിൽ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിതുറന്ന് പത്ത് പവനിലധികം സ്വർണ്ണവും പണവും കവർന്ന കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കടന്നു കളയുകയായിരുന്നു.

പേരും രൂപവും മാറ്റി നടക്കുകയായിരുന്ന പ്രതിയെ കണ്ടുപിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഫോൺ ഉൾപ്പെടെ ഒരു സാങ്കേതിക വിദ്യയും പ്രതി ഉപയോഗിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു.

തിരുവന്തപുരം ജില്ലക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിർമ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാൾ ജീവിച്ചിരുന്നത്.
ഈയടുത്ത് കാട്ടാക്കടയിലെ പെൺ സുഹ്യത്തിനെ കാണാൻ പ്രതി വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിക്കായി വലവിരിച്ചത്. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.

Related Posts