Your Image Description Your Image Description

മാനന്തവാടി: മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്ത ബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികളെ കൈവിടില്ലായെന്നും ഇവര്‍ക്കായി പാക്കേജ് ഉണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി. പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അപ്പീലുകളില്‍ വൈകാതെ തീരുമാനമുണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീടുകള്‍ തയ്യാറാകുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. പുനരധിവാസ പ്രവര്‍ത്തനങ്ങളായിരുന്നു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ടാര്‍ഗറ്റെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ഥത്തില്‍ ദുരന്തം നടന്ന 62ാമത്തെ ദിവസം ഒക്ടോബര്‍ മൂന്നിന് ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെവിച്ചു. വിജ്ഞാപനം അനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കില്‍ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടും എല്ലാവര്‍ക്കും ഉള്ള വീട് കൈമാറി, സ്വപ്ന നഗരം തന്നെ കൈമാറാന്‍ നമുക്ക് കഴിയുമായിരുന്നു. പക്ഷേ കേസുകളില്‍ പെട്ടുപോയി. എസ്റ്റേറ്റ് ഉടമകള്‍ക്ക് കേസ് കൊടുത്തു. ഡിസംബര്‍ 27 വരെ അവിടെ പ്രവേശിക്കാന്‍ പറ്റാത്ത വിധം കോടതിയുടെ സ്റ്റേ ഉണ്ടായി. ഡിസംബര്‍ 27ന് അവിടെ പ്രവേശിച്ച് പരിശോധന നടത്താന്‍ കോടതി അനുവാദം തന്ന നാല് ദിവസത്തിനുള്ളില്‍ ക്യാബിനറ്റ് ചേര്‍ന്ന് നഗരത്തിന്റെ പൂര്‍ണ്ണമായിട്ടുള്ള പ്ലാനും അതിന്റെ ഭാഗമായി കൊടുക്കേണ്ട ആ വീടുകളും അതിന്റെ രൂപകല്‍പനയും സ്‌പോണ്‍സര്‍മാരും കമ്പനികളും എല്ലാം ഉള്‍പ്പെടെ ക്യാബിനറ്റ് തീരുമാനിക്കുകയുണ്ടായി. മാര്‍ച്ച് ഇരുപത്തിയേഴിനാണ് അവിടെ തറക്കല്ലിടാന്‍ കോടതി അനുവദിച്ചത് – മന്ത്രി വിശദമാക്കി.

ജൂലൈ മുപ്പതിന് ഈ ദുരന്തമുണ്ടായിട്ടുള്ള പുലര്‍ച്ചെ മുതല്‍ ഒരു വര്‍ഷക്കാലം യഥാര്‍ഥത്തില്‍ കണ്ണിലൂടെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതിനുമുമ്പ് സമാനതകളില്ലാത്ത വിധം ഒരു പ്രളയം ഉണ്ടായത് ഒഴിച്ചാല്‍ ഒരു ചതുരശ്ര കിലോമീറ്ററിന് അകത്ത് 298 പേര്‍ മരണപ്പെടുന്ന, ആറ് ലക്ഷം മെട്രിക്ടണ്‍ ഡബ്ബറി രൂപീകരിക്കപ്പെടുന്ന ഒരു ദുരന്തം ഒരുപക്ഷെ ഇതുപോലെ കേരളത്തില്‍ ഉണ്ടാകില്ല. ആ ദുരന്തത്തിന് ഒരു വിധത്തിലുള്ള പുനരധിവാസം കൊണ്ട് സാധ്യമാകില്ല. പുനരധിവാസത്തിന്റെ ലോക റെക്കോര്‍ഡ് അല്ലെങ്കില്‍ ഒരു ലോക മോഡല്‍ നമുക്കുണ്ടാകേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടുള്ള ദുരന്തമാണിത് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts