Your Image Description Your Image Description

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതമായി പ്രഖ്യാപിച്ച വേദിയിൽ താരം അശമന്നൂർ ഓടക്കാലി സ്വദേശി അബ്ദുല്ല മൗലവി ബാഖവി തന്നെ. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപന വേദിയിൽ നിന്ന് ഏറ്റവും മുതിർന്ന ഡിജിറ്റൽ പഠിതാവിനെ തേടി മുഖ്യമന്ത്രി വീഡിയോ കാളിലും എത്തി.

ഏറ്റവും മുതിർന്ന ഡിജിറ്റൽ സാക്ഷരത പഠിതാവായ അബ്ദുല്ല മൗലവി ബാഖവിയുടെ നിശ്ചയദാർഥ്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 105 വയസിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ മുന്നോട്ടുവന്ന അബ്ദുല്ല മൗലവി ബാഖവി പോലുള്ളവർ സർക്കാരിന് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അബ്ദുള്ള മൗലവിയുടെ സുഖ വിവരങ്ങളും ആരോഗ്യസ്ഥിതിയെക്കുറിച്ചും അന്വേഷിച്ചശേഷമാണ് മുഖ്യമന്ത്രി കാൾ അവസാനിപ്പിച്ചത്.

മുഖ്യമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും സർക്കാരിന് കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അബ്ദുല്ല മൗലവി ബാഖവി മുഖ്യമന്ത്രിയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചപ്പോൾ സമ്മാനമായി നൽകിയ സ്മാർട്ട് ഫോണിലൂടെയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. 105-ാo വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് പ്രായം ഒന്നിനും തടസം അല്ലെന്ന് അബ്ദുല്ല മൗലവി ബാഖവി തെളിയിച്ചിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ “ഡിജി കേരളം” പദ്ധതിയിലൂടെയാണ് അബ്ദുല്ല മൗലവി ബാഖവി ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്. തിരുവനന്തപുരത്ത് നടന്ന സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വേദിയിൽ വീഡിയോ കാളിലൂടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അബ്ദുല്ല മൗലവി ബാഖവി. സ്വഗൃഹത്തിൽ മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഇരുന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് സംസാരിച്ചത്.

Related Posts