Your Image Description Your Image Description

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്. ഈ മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ വിമർശിച്ചു. പിണറായിയുടെ അമേരിക്കൻ യാത്ര തടയാനുള്ള ധാർമിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിലേക്കും കയറ്റി വിടരുത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണം.

എയർപോർട്ടിൽ കയറാൻ സമ്മതിക്കാതെ പ്രതിപക്ഷം തടയണം. അതിനു സാധിക്കുമോയെന്നും അൻവർ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതികരിക്കേണ്ടവർ പ്രതികരിക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. കെട്ടിടം തകർന്ന് വീണ് രോഗികൾ മരിക്കുമ്പോഴും പിണറായി വീമ്പു പറയുകയാണ്. കേരളത്തിൽ അല്ലേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രൈവറ്റ് ആശുപത്രികൾ ഉള്ളതെന്നും അൻവർ ചോദിച്ചു. കോടിയേരി മരിച്ചപ്പോൾ ധൃതിയിൽ സംസ്കാര ചടങ്ങുകൾ നടത്തി നാട് വിട്ട ആളാണ് മുഖ്യമന്ത്രി. അതിപ്പോഴും അങ്ങനെ തന്നെ. എന്ത് തോന്നിവാസവും കേരളത്തിൽ നടത്താലോ. ചോദിക്കാൻ ആളില്ലല്ലോയെന്നും അൻവർ വിമർശിച്ചു. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും ആഫ്റ്റർ ഇഫ്‌ക്ട് ആണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. സി പി എം മുതിർന്ന നേതാവായ പി ജയരാജനു പോലും മാറ്റി പറയേണ്ടി വന്നെന്നു അൻവർ ചൂണ്ടികാട്ടി. ആർ എസ് എസുകാരനായ ഒരാളെ ഡി ജി പിയാക്കിയിട്ടും ഇവിടെയാരും ചോദിക്കാൻ ഇല്ലെന്നും തൃണമൂൽ നേതാവ് വിമർശിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ചക്കില്ല. പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചാകും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും തൃണമൂൽ നേതാവ് വിവരിച്ചു. ഈ സർക്കാരിന് കീഴിൽ സാധാരണക്കാരായ ആളുകൾക്ക് നീതി നിഷേധിക്കപ്പെടുന്നു. കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഒരു രാഷ്ട്രിയ പാർട്ടിയുടെയും വാതിലിൽ മുട്ടാൻ ഇനി ഇല്ല. പഞ്ചായത്തുകളിൽ സാമൂഹിക സംഘടകളുമായി യോജിച്ച് മത്സരിക്കുമെന്നും പി വി അൻവർ വിവരിച്ചു

നേരത്തെ കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts