Home » Blog » kerala Max » മിന്നല്‍ പ്രളയം: നേപ്പാളിൽ മരണസംഖ്യ 17 ആയി; 105 ഇന്ത്യക്കാർ അടക്കം 384 സഞ്ചാരികളെ കാണാതായി
flood-1

 

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 17 ആയി ഉയർന്നു. നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികളെ കാണാനില്ല. ഇതുവരെ 17 മരണം സ്ഥിരീകരിച്ചതായാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 26 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായതായി.

ആകെ 384 സഞ്ചാരികളെ കാണാതായെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അതില്‍ 105 പേരും ഇന്ത്യന്‍ സഞ്ചാരികളാണ്. സാമ്രാട്ട് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വഴി എത്തിയ 59 പേരെയും ലീഫ് ഹോളിഡേ ഏജന്‍സിയുടെ എത്തിയ 49 പേരെയുമാണ് കാണാതായത്. കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോയവരെയാണ് കാണാതായത്. മൂന്ന് അമേരിക്കന്‍ പൗരന്മാരും മലേഷ്യയില്‍നിന്നുള്ള 17 പേരും ബ്രിട്ടനില്‍നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള നാലുപേരും ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും കാണാതായവരില്‍ ഉള്‍പ്പെടുന്നു

ടിബറ്റിലെ ഭോട്ടെ കോശി നദിയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. നദിക്ക് സമീപം നിരവധി ഗ്രാമങ്ങള്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ടിബറ്റ് ഭാഗത്തുനിന്ന് ഭോട്ടെ കോശി നദിയിലേക്ക് വലിയ അളവില്‍ വെള്ളമെത്തി. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 14 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.

നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു. കാണാതായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ബാലേന്ദ്ര ഷാ അറിയിച്ചു. തെരച്ചിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇതേതുടര്‍ന്ന് ബീഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രളയ ജലം നദികളിലെത്താം എന്നാണ് മുന്നറിയിപ്പ്. നദീതീരത്തുള്ളവരോട് മാറി താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. ഗണ്ഡക്, കോസി നദികളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്ത്യ നേപ്പാളിന് സഹായം നല്‍കുമെന്ന് അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളും അവശ്യസാധനങ്ങളും അയയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. +977 985 131 6807 , +977 970 910 7500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *