
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. 36 അംഗ മലയാളി വിനോദ സഞ്ചാരികളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സംഘത്തിലുള്ളത്. കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാസംഘം മറ്റൊരു പാതയിലൂടെ യാത്ര തുടങ്ങിയതായും വിവരം ലഭിച്ചു. 133 ഇന്ത്യക്കാരെ കാണാതായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.
