Your Image Description Your Image Description

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൃത്തി 2025 കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം. ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവൻ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത വൃത്തി സ്ഥിരമായ ഒന്നല്ലെന്നും വൃത്തി ഒരു ശീലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന ബോധമുണ്ടാകണം. ഉറവിട കേന്ദ്രീകൃതമായ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വ്യാപകമാക്കണം. അതിലൂടെ വൃത്തിശീലം ജനജീവിതത്തിന്റെ ഭാഗമാക്കാനും അടുത്ത തലമുറയ്ക്ക് പകർന്നു നൽകാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട എതിർപ്പുകളിൽ സമവായമുണ്ടാക്കാനായി എന്നതാണ് വൃത്തി 2025 കോൺക്ലേവിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഗവർണർ പറഞ്ഞു. സ്വച്ഛതയും വൃത്തിയുമെന്നത് ഇന്ന് ഇന്ത്യയിലൊട്ടാകെ ഒരു മുഖ്യ അജണ്ടയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. മാലിന്യസംസ്‌കരണത്തിന്റെ ഈ കേരള മോഡൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി മുകൾതട്ട് വരെ എത്തിയ ഒരു ജനകീയ യത്‌നത്തിന്റെ നടുവിലാണ് വൃത്തി 2025 കോൺക്ലേവ് നടന്നത്.

കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷൻ ഡോക്യുമെന്റ് ഗവർണർ പ്രകാശനം ചെയ്തു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ഗവർണർ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts