Your Image Description Your Image Description

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ആണ് സഭയും കുടുംബവും. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കാണും. രാവിലെ 9 മണിക്കാണ് സന്ദര്‍ശന സമയം. ഇന്നലെ കന്യാസ്ത്രീകളെ സന്ദർശിക്കാനെത്തിയ ഇടതുപക്ഷ എംപിമാരെയും പ്രാദേശിക നേതാക്കളെയും പോലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരടങ്ങിയ സംഘമാണ് ജയിലിന് മുന്നിലെത്തിയത്. ജയിൽ അധികൃതർ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജയിലിന് മുന്നിൽ പോലീസുമായി നേതാക്കൾക്ക് തർക്കമുണ്ടായി. മുൻകൂട്ടി അനുമതി ആവശ്യപ്പെട്ടിട്ടും സന്ദർശനത്തിന് അനുമതി ലഭിച്ചില്ലെന്നും, ഇത് വിവേചനമാണെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സന്ദർശകർക്ക് പ്രവേശനമില്ലെന്നാണ് പോലീസ് അറിയിച്ചത്. നാളെ രാവിലെ 10 മണിക്ക് അനുമതി നൽകാമെന്നും പോലീസ് അറിയിച്ചു.

ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു സംഭവം നടന്നത്. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു സംഘം ആളുകളുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. കന്യാസ്ത്രീകൾ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ആളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.

തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു. ഇതോടെ റെയിൽവേ സ്റ്റേഷനിൽ‌ വലിയ പ്രതിഷേധം ഉണ്ടായി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെൺകുട്ടികൾ നിലവിൽ സർക്കാർ സംരക്ഷണയിലാണുള്ളത്. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചിരുന്നു.

അതേസമയം, ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് രാഷ്ട്രീയ നിറം നൽകുന്നത് ദൗർഭാഗ്യകരമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും പ്രതികരിച്ചു. പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവർത്തനത്തിനും ശ്രമം നടന്നുവെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറയുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിനാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിഷ്ണുദേവ് സായി പറഞ്ഞു.

ഇത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ വിഷയമാണ്. ഈ കേസിലെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്, നിയമം അതിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘നാരായൺപുരിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾക്ക് നഴ്‌സിംഗ് പരിശീലനവും തുടർന്ന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നാരായൺപുർ സ്വദേശിയായ ഒരാൾ ദുർഗ് സ്റ്റേഷനിൽ വെച്ച് ഈ പെൺകുട്ടികളെ, രണ്ട് കന്യാസ്ത്രീകൾക്ക് കൈമാറി’ ഛത്തീസ്ഗഢ് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

‘എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട ആളുകൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന സമാധാനപരമായ ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നമ്മുടെ ബസ്തറിലെ പെൺമക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിന് രാഷ്ട്രീയ നിറം നൽകുന്നത് അതീവ ദൗർഭാഗ്യകരമാണ്’വിഷ്ണുദേവ് സായി പറഞ്ഞു.

Related Posts