Your Image Description Your Image Description

ഭോപ്പാൽ: മധ്യപ്രദേശിലുടനീളം ഒരു വർഷത്തിനിടയിൽ 23,000-ത്തിലധികം സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കാണാതായിട്ടുണ്ടെന്ന് മധ്യപ്രദേശ് സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി മോഹൻ യാദവാണ് ഇത് സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്. ബലാത്സംഗം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട 1,500 പ്രതികൾ ഒളിവിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു.

2024 ജനുവരി 1 നും 2025 ജൂൺ 30 നും ഇടയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ, കാണാതായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം സംബന്ധിച്ച വിശദമായ ജില്ലാ തിരിച്ചുള്ള വിവരങ്ങൾ മുതിർന്ന കോൺഗ്രസ് എംഎൽഎ ബാല ബച്ചൻ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അസ്വസ്ഥജനകമായ ഈ കണക്കുകൾ പുറത്തുവന്നത്.

ഒളിവിൽ കഴിയുന്ന പ്രതികളെ എപ്പോൾ അറസ്റ്റു ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി എടുത്തുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു. കണക്കുകൾ പ്രകാരം 21175 സ്ത്രീകളും 1954 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണ് കഴിഞ്ഞ ഒരു വർഷമായി കാണാ മറയത്തുള്ളത്.

സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളിൽ 292 പേരും പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്ത 283 കുറ്റവാളികളുമാണ് സംസ്ഥാനത്ത് ഒളിവിലുള്ളത്. കണക്കുകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകൾക്കെതിരായ മറ്റു തരത്തിലുള്ള ലൈംഗിക കുറ്റ കൃത്യങ്ങളിലേർപ്പെട്ട 443 പേരും പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള അതിക്രമക്കേസുകളിലെ 167 പേരും ഒളിവിലാണ്.

സ്ത്രീകളെ കാണാതാകുന്ന പ്രധാന സ്ഥലങ്ങളായി നിരവധി ജില്ലകൾ മാറിയിട്ടുണ്ട്. ഓരോന്നിലും 500 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായത് സാഗറിലാണ്, 1,069 സ്ത്രീകളെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജബൽപൂരിൽ 946, ഇൻഡോറിൽ 788, ഭോപ്പാൽ (ഗ്രാമീണത്തിൽ 688, ഛത്തർപൂരിൽ 669, രേവയിൽ 653, ധറിൽ 637, ഗ്വാളിയോറിൽ 617 എന്നിങ്ങനെയാണ് കണക്കുകൾ.

Related Posts