Your Image Description Your Image Description

ഉടുമ്പൻചോല: ബൈക്കപകടത്തിൽപെട്ട യുവാക്കൾക്ക് രക്ഷകരായത് പൊലീസ്. എന്നാൽ, തൊട്ടുപിന്നാലെ രണ്ടുപേരെയും ബൈക്ക് മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലിയിലാണ് മോഷ്ടിച്ച ബൈക്കുമായി പോയ യുവാക്കൾ അടിമാലി പൊലീസിന് മുന്നിൽ അപകടത്തിൽപെട്ടത്. അരിവിളംച്ചാൽ സ്വദേശി അനൂപ്, അണക്കര സ്വദേശി ചന്ദ്രപ്രസാദ് എന്നിവരാണ് അപകടത്തിൽപെട്ടത്. പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് ഇവരെ ചോദ്യം ചെയ്തതോടെയാണ് ബൈക്ക് മോഷണത്തിന്റെ വിവരം ഇവർ വെളിപ്പെടുത്തിയത്. തുടർന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം ഇടുക്കി അടിമാലിയിലാണ് സംഭവങ്ങൾക്ക് തുടക്കം. വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിയ രണ്ട് യുവാക്കളെ അടിമാലി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. യുവാക്കളുടെ കാലിനും കൈകൾക്കും പരുക്കേറ്റിരുന്നു. ഇരുവരെയും പ്രാഥമിക ചികിത്സ നൽകിയശേഷം വിവരങ്ങൾ ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് രണ്ടുപേരും നൽകിയത്. ഒടുവിൽ ബൈക്ക് ഉടുമ്പൻചോലയിൽ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കൾ സമ്മതിച്ചു. ഇതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പ്രതികളെ അടിമാലി പൊലീസ് ഉടുമ്പൻചോല പൊലീസിന് കൈമാറി.തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മുൻപും ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ടെന്ന് കണ്ടെത്തി. മറ്റ് സ്റ്റേഷൻ പരിധികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ബൈക്ക് മോഷണ കേസുകളുമായുള്ള പ്രതികളുടെ ബന്ധവും പൊലീസ് അന്വേഷിച്ചു വരികയാണ്.നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *