Your Image Description Your Image Description

രാജ്യത്ത് നാല് സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മാസനി രം​ഗത്ത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സര്‍ക്കിളുകളോടാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താന്‍ മന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ബിഎസ്എന്‍എല്‍ സര്‍ക്കിളുകള്‍ക്ക് നിര്‍ദേശം നല്‍കിയ വിവരം മന്ത്രി തന്നെയാണ് എക്‌സ് വഴി വ്യക്തമാക്കിയത്.

അതേസമയം ഇതോടൊപ്പം മൊബൈല്‍ ടവറുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഫൈബറുകളുടെ കേടുപാടുകള്‍ പെട്ടെന്ന് പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള മാര്‍ക്കറ്റിങ് വില്‍പ്പന പദ്ധതികള്‍ നടപ്പിലാക്കാനും മന്ത്രി ആവശ്യപ്പെട്ടു. 2026 സാമ്പത്തിക വര്‍ഷത്തില്‍ മൊബൈല്‍ സര്‍വീസ് വ്യവസായത്തില്‍ വളര്‍ച്ചയുണ്ടാക്കാനും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ജൂലായില്‍ ബിഎസ്എന്‍എലിന് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സര്‍ക്കിളുകളും എന്റര്‍പ്രൈസ് ബിസിനസില്‍ 25 മുതല്‍ 30 ശതമാനം വരെ വരുമാനം വര്‍ധിപ്പിക്കണം. കൂടാതെ ഫിക്‌സഡ് ലൈന്‍ ബിസിനസില്‍ 15 മുതല്‍ 20 ശതമാനം വരെ വരുമാനം വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ എത്തിക്കാനുള്ള ബിഎസ്എന്‍എലിന്റെ ശ്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന വിവരം.

Related Posts