പശ്ചിമ ബംഗാളിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ വിചിത്രവും അതേസമയം നിർണായകവുമായ നീക്കവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പുതിയ സർക്കാർ രംഗത്ത്. മുൻപ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിതരണം ചെയ്ത മുഴുവൻ ജാതി സർട്ടിഫിക്കറ്റുകളും വ്യാപകമായി പരിശോധിക്കാനാണ് പുതിയ സർക്കാരിന്റെ തീരുമാനം.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സബ് ഡിവിഷണൽ ഓഫീസർമാർക്കും പുതിയ സർക്കാർ അടിയന്തര നിർദേശം നൽകി കഴിഞ്ഞു. മുൻപ് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും പൂർണ്ണമായി ഉറപ്പുവരുത്തണമെന്നാണ് ഒഫീഷ്യൽ ഓർഡറിൽ വ്യക്തമാക്കിയിരിക്കുന്നത്. സർട്ടിഫിക്കറ്റുകൾ അനുവദിച്ചതിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വ്യാജരേഖ ചമയ്ക്കലോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും സുവേന്ദു അധികാരി സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണിതെന്ന ആക്ഷേപവും ഇതിനകം ഉയർന്നു കഴിഞ്ഞു.
സംസ്ഥാനത്ത് 2011 മുതൽ മമത ബാനർജി സർക്കാരിന്റെ ഭരണകാലത്ത് ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പുതിയ സർക്കാരിന്റെ കണക്ക്. ഇതിൽ വലിയൊരു പങ്കും വിതരണം ചെയ്തത് മമത സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നായ ‘ദുവാരെ സർക്കാർ’ ക്യാമ്പുകൾ വഴിയാണ്. ഏകദേശം 47.80 ലക്ഷം ജാതി സർട്ടിഫിക്കറ്റുകളാണ് ഈ ജനസമ്പർക്ക പരിപാടിയിലൂടെ മാത്രം ജനങ്ങളിലേക്ക് എത്തിയത്. ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാവിധ സർക്കാർ പൊതുസേവനങ്ങളും പൗരന്മാരുടെ വീട്ടുപടിക്കൽ നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ സർക്കാർ ആരംഭിച്ച ഈ ക്യാമ്പുകൾ വഴി വൻതോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് പുതിയ സർക്കാർ ഇപ്പോൾ കൂട്ടപരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്.
