ടെഹ്റാന്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കെ മുന്നറിയിപ്പുമായി ഇറാൻ നാവികസേന. ശത്രുരാജ്യങ്ങൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയൊരു മാരകായുധം ഇറാൻ ഉടൻ പുറത്തിറക്കുമെന്ന് നാവികസേനാ കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പ്രഖ്യാപിച്ചു.
“വളരെ പെട്ടെന്നുതന്നെ ശത്രുക്കളെ നേരിടാൻ ഇറാന് പുതിയൊരു ആയുധം പുറത്തിറക്കും. ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ ഈ ആയുധം നിലയുറപ്പിക്കും അത് കാണുമ്പോൾ അവർക്ക് ഹൃദയാഘാതം ഉണ്ടാകാതിരുന്നാൽ മതി” – അദ്ദേഹം പരിഹസിച്ചു. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
“ഇറാനെതിരായ യുദ്ധത്തിൽ മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുമെന്ന് അവര്‍ കരുതി. അവരുടെ ഈ അനുമാനം ഇപ്പോൾ മിലിട്ടറി സർവ്വകലാശാലകളിൽ ഒരു തമാശയായി മാറിയിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.
ഫെബ്രവരി 28ന് സംഘർഷം രൂക്ഷമായത് മുതൽ മേഖലയിലുടനീളമുള്ള അമേരിക്കൻ, ഇസ്രായേലി കേന്ദ്രങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ സായുധ സേന കുറഞ്ഞത് നൂറിലധികം തവണ പ്രത്യാക്രമണങ്ങൾ നടത്തിയതായി ഇറാനി അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ വിശാലമായ ഭൂപ്രദേശങ്ങളിലെ അതിസൂക്ഷ്മമായ സൈറ്റുകളെയാണ് ഈ സൈനിക നീക്കങ്ങൾ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പരാജയങ്ങൾ മറയ്ക്കാൻ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകളും മിസൈൽ പ്ലാറ്റ്ഫോമുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോൾ നിശ്ചലമായ അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാകാത്ത പക്ഷം, ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത പ്രതികരണമുണ്ടാകുമെന്നും അഡ്മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നൽകി.
