Home » Blog » Kerala » ”ബേപ്പൂരിൽ ഞാന്‍ തോറ്റാല്‍, കോഴിക്കോട് അങ്ങാടിയിലൂടെ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കും”; മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി അന്‍വര്‍
7

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അൻവർ. ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ കോഴിക്കോട് കിഡ്‌സൺ കോർണർ മുതൽ റെയിൽവേ സ്റ്റേഷൻ വരെ മൊട്ടയടിച്ച്, കാതിൽ രണ്ട് കമ്മലുമിട്ട് നടക്കാൻ തയ്യാറാണെന്നും അൻവർ പറഞ്ഞു.

ഇതേ ആത്മവിശ്വാസമുണ്ടെങ്കിൽ മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുക്കാൻ (അദ്ദേഹം കമ്മലിടേണ്ട) തയ്യാറുണ്ടോ? എന്നും അൻവർ ചോദിച്ചു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാസ് അവകാശപ്പെടുന്നതുപോലെ 82,000 വോട്ടിന്റെ ഭൂരിപക്ഷമൊന്നും ബേപ്പൂരിൽ കിട്ടില്ലെന്നും 65,000 വോട്ടിന് മുകളിൽ അദ്ദേഹം കടക്കില്ലെന്നും അൻവർ അവകാശപ്പെട്ടു.

പി.ഡബ്ല്യു.ഡിയിൽ ഒരു പ്രവൃത്തിയിൽ മാത്രം 65 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുൻ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞിട്ടും മന്ത്രി എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്നും അൻവർ ചോദിച്ചു.
താൻ ഉന്നയിച്ച ‘മരുമോനിസം’ എന്ന വാക്കിനെ വ്യക്തിഹത്യയായി ചിത്രീകരിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. എന്നാൽ യുഡിഎഫ് നേതാക്കൾ പണപ്പിരിവ് നടത്തുകയാണെന്ന റിയാസിന്റെ പ്രസ്താവനയാണ് യഥാർത്ഥ വ്യക്തിഹത്യയെന്നും അൻവർ കുറ്റപ്പെടുത്തി.