Home » Blog » kerala Max » പിറന്നാൾ ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി; മലയാളി പ്രേക്ഷകരോടുള്ള കടപ്പാട് പങ്കുവെച്ച് ലാലേട്ടൻ
MOHANLAL--680x450

ജന്മദിനത്തിൽ മലയാളികൾ നൽകിയ സ്നേഹാദരങ്ങൾക്കും പുതിയ ചിത്രം ‘ദൃശ്യം 3’ നെ നെഞ്ചേറ്റിയതിനും ഹൃദയംഗമമായ നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ കൃതജ്ഞത അറിയിച്ചത്. താൻ ഉണർന്നത് തന്നെ സ്നേഹസാഗരത്തിലേക്കായിരുന്നുവെന്നും ഓരോ പ്രാർത്ഥനയും സന്ദേശവും ഹൃദയത്തെ നിറച്ചുവെന്നും അദ്ദേഹം കുറിച്ചു. “എന്റെ യാത്രയുടെ സുന്ദരമായ ഭാഗമായതിനും ഇന്നത്തെ ദിവസം ഇത്ര വിശേഷമാക്കിയതിനും നന്ദി. ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു,” എന്ന് മോഹൻലാൽ കുറിച്ചു.

‘ദൃശ്യം 3’ സിനിമയെക്കുറിച്ചും അദ്ദേഹം വാചാലനായി. ചിത്രത്തിന് ലഭിക്കുന്ന അഭിപ്രായങ്ങളും വികാരങ്ങളും ഏതൊരു ബോക്സ് ഓഫീസ് കണക്കുകളേക്കാളും തനിക്ക് വിലപ്പെട്ടതാണെന്ന് ലാലേട്ടൻ പറഞ്ഞു. ജോർജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി കണ്ട പ്രേക്ഷകരോട് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ഇത്തവണ തന്റെ പിറന്നാൾ ആരാധകർക്കൊപ്പം തിയേറ്ററിലാണ് താരം ആഘോഷിച്ചത്. കൊച്ചി കവിത തിയേറ്ററിൽ ഭാര്യ സുചിത്ര, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ചിത്രത്തിലെ സഹതാരങ്ങളായ മീന, എസ്തർ എന്നിവർക്കൊപ്പം സിനിമ കണ്ട അദ്ദേഹം പ്രേക്ഷകർക്കൊപ്പം കേക്ക് മുറിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള 3000 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ദൃശ്യം 3, ആദ്യദിനം തന്നെ റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറുന്നത്.