
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെയേറ്റ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് പാകിസ്ഥാൻ ഓപ്പണിങ് ബാറ്റർ ഇമാമുൽ ഹഖിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. പരിക്കിന്റെ സാഹചര്യങ്ങൾ അന്വേഷിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിലാണ്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ താരത്തിന് കടുത്ത ശിക്ഷ ലഭിച്ചേക്കാം. 2025 മാർച്ചിൽ ന്യൂസീലൻഡ് പര്യടനത്തിനിടയിലുണ്ടായ മുൻകാല പരിക്ക് വിവാദവും നിലവിലെ അന്വേഷണത്തിന്റെ നിഴലിലാണ്.
ലോർഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഫീൽഡിംഗിനിടെയാണ് ഇമാമുലിന് കാലിന്റെ പേശിക്ക് പരിക്കേറ്റത്. തുടർന്ന് പാകിസ്ഥാന്റെ രണ്ട് ഇന്നിങ്സുകളിലും താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. മത്സരത്തിൽ പാകിസ്ഥാൻ 194 റൺസിന്റെ തോൽവിയും പരമ്പരയും വഴങ്ങിയിരുന്നു. പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചും മത്സരത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള സംശയങ്ങളാണ് പുതിയ അന്വേഷണത്തിന് കാരണം. 2025-ൽ ഇൻഡോർ നെറ്റ് പരിശീലനത്തിനിടെ വിരലേറ്റ പരിക്ക് വ്യാജമായി ഉണ്ടാക്കി കാണിക്കാനും താരം ശ്രമിച്ചതായി അന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
ഇതിനിടെ, അച്ചടക്ക ലംഘന ആരോപണങ്ങളെ തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും അന്വേഷണം നേരിടുന്നുണ്ട്. വരും ദിവസങ്ങളിൽ റിസ്വാനെ പിസിബി ചോദ്യം ചെയ്തേക്കുമെന്നും അടുത്ത ഭാവിയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നും സൂചനയുണ്ട്. ലോർഡ്സിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഇമാമുലിനെയും റിസ്വാനെയും കൂടാതെ സൽമാൻ ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, ഉവൈസ് സഫർ, ഖുറം ഷെഹ്സാദ് എന്നീ ഏഴ് കളിക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
