പരസ്പര ബഹുമാനത്തോടെയും തുല്യതയോടെയുമെങ്കിൽ ചർച്ചയ്ക്ക് തയാറെന്ന് ചൈന

ബീജിംഗ്: ആഗോള വ്യാപാര യുദ്ധത്തി​ന്റെ പശ്ചാത്തലത്തിൽ യുഎസുമായി താരിഫ് നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറെന്ന് ചൈന. ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള ശരിയായ മാർഗമല്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഹി യോങ്‌ക്യാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്ക യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതെ രീതിയിൽ തന്നെയായിരിക്കും തങ്ങളുടെ പ്രതികരണമെന്നും അവസാനം വരെ ഞങ്ങളും യുദ്ധം ചെയ്യുമെന്നും ഹി യോങ്‌ക്യാൻ മുന്നറിയിപ്പ് നൽകി.

താരിഫിന്റെ കാര്യത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. അമേരിക്ക ഈ വിഷയത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചൈനയുടെ വാതിലുകൾ അവർക്കുവേണ്ടി തുറന്നിരിക്കും. എന്നാൽ പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലുള്ള ചർച്ചകൾ മാത്രമേ ചൈന അനുവദിക്കുകയുള്ളു. ഭീഷണിയുടെ സ്വരം ആവശ്യമില്ലെന്ന് ഹി യോങ്‌ക്യാൻ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത്. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് അമേരിക്ക. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഇന്ന് ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *