
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ മരണത്തിന് കാരണം പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്. വീരമണിയുടെ പീഡനമാണെന്ന് ആരോപിച്ച് വീണ്ടും പൊലീസില്‍ പരാതി നല്കി അമ്മ. പഠനത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് 2016 ല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകളെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അന്ന് പൊലീസിനെ സമീപിച്ചെങ്കിലും സ്വാധീനവും പണവും ഉപയോഗിച്ച് വീരമണി കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ഐസ്ഹൗസ് പൊലീസ് സ്റ്റേഷനുണ്ടായ തീപിടിത്തത്തില്‍ കേസിന്റെ രേഖകള്‍ പൂര്‍ണ്ണമായി നശിച്ചതായി കാണിച്ച് പൊലീസ് അന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അടുത്തിടെ പത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വീരമണി അറസ്റ്റിലായതോടെയാണ് കേസില്‍ നീതി തേടി വീണ്ടും രംഗത്തുവരാന്‍ ധൈര്യം ലഭിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.
അതിനിടെ, ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന വീരമണിയുടെ സഹായികളായ ശാന്തിയും ഭര്‍ത്താവ് മഹേന്ദ്ര സിംഹനും കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പൊലീസ് ശക്തമായി എതിര്‍ത്തു. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും രാജ്യം വിട്ടുപോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ജാമ്യാപേക്ഷയെ കോടതിയില്‍ പ്രതിരോധിച്ചത്.
