പടം പൊട്ടി കഴിഞ്ഞ് ഷങ്കറും വിളിച്ചില്ല രാംചരണും വിളിച്ചില്ല; ചർച്ചയായി ‘ഗെയിം ചെയ്ഞ്ചർ’ നിർമാതാവിന്റെ വാക്കുകൾ

സംവിധായകൻ ഷങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായി എത്തിയ ഗെയിം ചെയ്ഞ്ചർ ഏറെ പ്രതീക്ഷകളുമായി ആണ് റിലീസിനെത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമിച്ചത്. ചിത്രം പുറത്തിറങ്ങി ആറുമാസങ്ങൾക്കിപ്പുറം നിർമാതാക്കളിലൊരാളായ സിരീഷിന്റെ വാക്കുകൾ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സിനിമയുടെ പരാജയത്തെത്തുടർന്ന് നടൻ റാം ചരണോ സംവിധായകൻ ഷങ്കറോ തങ്ങളെ ബന്ധപ്പെടുകയോ പിന്തുണ നൽകുകയോ ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

നിതിൻ നായകനാവുന്ന തമ്മുടു എന്ന ചിത്രം സിരീഷും ദിൽ രാജുവും ചേർന്നാണ് നിർമിക്കുന്നത്. ഈ സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിരീഷ് ​ഗെയിം ചെയ്‍ഞ്ചറിന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞത്. “ഗെയിം ചെയ്ഞ്ചർ എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ, നായകനും സംവിധായകനും സഹായിച്ചില്ല. അവർ തങ്ങളെ വിളിച്ചു വിശേഷം തിരക്കുക പോലും ചെയ്തില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ തങ്ങൾ വിതരണക്കാരനെ രക്ഷിച്ചുവെന്നും സിരീഷ് പറഞ്ഞു.

റാം ചരണുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് സിരിഷ് ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങൾ ഒരു തിരക്കഥയുമായി ചെന്നാൽ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാൽ അദ്ദേഹം സ്വീകരിക്കും. ഞങ്ങൾ ഇതുവരെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. സിനിമ പരാജയപ്പെട്ടതുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധം ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചാൽ കാര്യങ്ങൾ ശരിയാവുമെന്ന് ഞങ്ങൾക്കറിയാം.”

” ‘ഗെയിം ചേഞ്ചർ’ കാരണം ഞങ്ങൾ എല്ലാം കഴിഞ്ഞു എന്ന് കരുതി. എന്നാൽ പിന്നാലെ റിലീസ് ചെയ്ത ‘സങ്ക്രാന്തികി വസ്തുന്നാം’ ഞങ്ങൾക്ക് പ്രതീക്ഷ നൽകി. അതും വിജയിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഊഹിച്ച് നോക്കൂ. തുകയൊന്നും വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടായി. ‘സങ്ക്രാന്തികി വസ്തുന്നാം’ വഴി ഞങ്ങൾ ഏകദേശം 60-70 ശതമാനം തിരിച്ചുപിടിച്ചു.” സിനിമയുടെ പരാജയത്തിൻ്റെ ആഘാതത്തെക്കുറിച്ച് സംസാരിക്കവേ നിർമാതാവ് കൂട്ടിച്ചേർത്തു

‘തമ്മുടു’ സജീവമായി പ്രൊമോട്ട് ചെയ്യുന്ന പ്രൊഡ്യൂസർ ദിൽ രാജുവും ‘ഗെയിം ചേഞ്ചറി’നെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. ചിത്രത്തിന്റെ പരാജയം ഏറ്റെടുക്കുന്നുവെന്നുപറഞ്ഞ അദ്ദേഹം റാം ചരണിന് ഒരു ഹിറ്റ് ചിത്രം നൽകാൻ കഴിയാത്തതിൽ തനിക്ക് കുറ്റബോധം തോന്നുന്നു എന്നും കൂട്ടിച്ചേർത്തു.

വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ‘തമ്മുടു’വിൽ നിതിൻ, സപ്തമി ഗൗഡ, ലയ, വർഷ ബൊല്ലമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സൗരഭ് സച്ച്ദേവ, സ്വാസിക, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് സഹതാരങ്ങൾ. ചിത്രം ജൂലൈ 4-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *