നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ വിദ്യാലയങ്ങൾക്ക് നേരെ ഉണ്ടായ സായുധ ആക്രമണത്തിൽ അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തിലെ മുസ്സയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളാണ്.
മുസ്സയിലെ ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ഒരേസമയമാണ് സായുധ സംഘങ്ങൾ ആക്രമണം നടത്തിയത്. കുട്ടികളെ മോട്ടോർ ബൈക്കുകളിൽ കയറ്റിയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. രക്ഷപ്പെടുന്നതിനായി അക്രമികൾ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് ഇവർക്ക് നേരെ വെടിയുതിർക്കാനോ പെട്ടെന്ന് ഇടപെടാനോ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ഈ കൊടുംക്രൂരതയുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും, ഈ മേഖലയിൽ സജീവമായ ‘ബൊക്കോ ഹറാം’ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക സൂചന. തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
