Your Image Description Your Image Description

പാലക്കാട്: നെല്ലിയാമ്പതിയില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടർന്നാണ് നിർദേശം. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും, കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അറിയിപ്പിലുണ്ട്. ആരോഗ്യ വകുപ്പും, വനംവകുപ്പും, പാടഗിരി ജനമൈത്രി പൊലീസുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കൂടാതെ വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കുമെന്നും നെല്ലിയാമ്പതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഇന്നലെയാണ് നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ ജീവനകാരനായ സുരേന്ദ്ര ബാബുവിന് (57) കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ശരീരത്തിൽ ആഴത്തിൽ മുറിവേറ്റ സുരേന്ദ്രനെ നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും ആഴത്തിൽ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിങ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേർന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *