നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചു. ഭക്ഷണം നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞതിലുള്ള പ്രകോപനമാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് അഷ്കർ മൊഴി നൽകി. കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയെയും അഷ്കറിനെയും വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരെയും റിമാൻഡ് ചെയ്യാനാണ് സാധ്യത. തുടർന്ന് അഖിലയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം.
ഞായറാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ അഷ്കറുമായി തെളിവെടുപ്പിനെത്തിയപ്പോൾ കടുത്ത ജനരോഷമാണ് ഉയർന്നത്. നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനിടയിലും, യാതൊരു കൂസലുമില്ലാതെയാണ് അഷ്കർ കൃത്യം നടന്ന രീതി വിവരിച്ചത്.
അതേസമയം, അഷ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻഭാര്യ ആമിനയുടെ കുടുംബം രംഗത്തെത്തി. അഷ്കറിന്റെ മർദനമേറ്റ് ആമിനയുടെ തലയോട്ടി തകർന്നിട്ടുണ്ടെന്നും, ആ ആക്രമണത്തെത്തുടർന്ന് മകളുടെ ശരീരം തളർന്നുപോയെന്നും ആമിനയുടെ അമ്മ പറഞ്ഞു. അഷ്കറുമായുള്ള ബന്ധത്തെ കുടുംബം തുടക്കത്തിലേ എതിർത്തിരുന്നെന്നും, മകളെ വിളിച്ചിറക്കിക്കൊണ്ടുപോയ അഷ്കർ വിവാഹശേഷം നിരന്തരമായി മർദിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
