തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് തികച്ചും സുതാര്യമായാണെന്നും അതിൽ ഒളിച്ചുകളികളൊന്നുമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങളെ മാറ്റിനിർത്തി ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടതുപോലെയല്ല താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ താൻ അവർക്ക് സമയം അനുവദിക്കുകയായിരുന്നു. പൊതുജനങ്ങൾ തന്നെ കാണാൻ വരുന്ന സമയത്താണ് അവരും വന്നത്. ഒരു നിവേദനം നൽകുകയും ചെയ്തു.
താൻ കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും മാത്രം മുഖ്യമന്ത്രിയാണോ എന്നും, കാണാൻ അനുവാദം ചോദിച്ചെത്തുന്ന ജനങ്ങളോട് പറ്റില്ലെന്ന് പറയുന്നത് എന്ത് മര്യാദയാണെന്നും അദ്ദേഹം ചോദ്യമുയർത്തി. ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങുകയാണെന്ന മുൻ മന്ത്രി എ.എ. മുഹമ്മദ് റിയാസിന്റെ വിമർശനത്തിനും വി.ഡി. സതീശൻ മറുപടി നൽകി. ഞാൻ ഒളിച്ചല്ല ആരെയും കണ്ടത് എന്നായിരുന്നു സതീശന്റെ മറുപടി. മുൻപ് പിണറായി വിജയൻ ചെയ്തതുപോലെ മറ്റൊരു കാറിൽ കയറി മസ്കറ്റ് ഹോട്ടലിൽ പോയി, മാധ്യമപ്രവർത്തകരെ പൂർണ്ണമായി മാറ്റിനിർത്തി ആർഎസ്എസ് നേതാക്കളുമായി നടത്തിയതുപോലുള്ള രഹസ്യ ചർച്ചയല്ല തന്റെ ഓഫീസിൽ നടന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വി.ഡി. സതീശൻ വ്യക്തത വരുത്തി. സുകുമാരൻ നായർ ഫോണിൽ വിളിച്ച സമയത്ത് താൻ ബജറ്റിന്‍റെ തിരക്കിലായിരുന്നു. ആ സമയത്ത് പ്രൈവറ്റ് സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്. തിരക്കുകൾക്ക് ശേഷം താൻ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും വളരെ കാര്യമായി സംസാരിക്കുകയും ചെയ്തു. നേരിട്ട് കാണണമെന്ന് ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടപ്പോൾ, ഉറപ്പായും കാണാം എന്ന് താൻ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
