Your Image Description Your Image Description

കയർ കോർപ്പറേഷനിൽ നിന്നും നൂതന പരിശീലനം ലഭിച്ച തൊഴിലാളികളെ ചേർത്ത് സൊസൈറ്റി രൂപീകരിച്ചതായും 365 ദിവസവും ഇവർക്ക് തൊഴിൽ ലഭിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും കയർവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പുതിയതായി രൂപികരിച്ച സൊസൈറ്റിക്ക് 50 ലക്ഷം രൂപയുടെ ഓർഡറും നൽകിയിട്ടുണ്ട്. കയർ ആർട്ടിസാൻ ട്രെയിനിംഗ് പൂർത്തീകരിച്ചവർക്കായി രൂപീകരിച്ച സംഘത്തിന്റെ പ്രവർത്തനോദ്ഘാടനവും ആദ്യ ഓർഡർ വിതരണവും കയർ കോർപ്പറേഷൻ ഓഫീസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

 

പുതിയ രൂപത്തിലുള്ള കയർ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുമെന്നും ഇതിലൂടെ സൊസൈറ്റിക്ക് മികച്ച വരുമാനം ഉറപ്പുവരുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത കയർ തൊഴിലാളികൾക്ക് നൂതന കയർ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടുകൂടിയാണ് കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് നൽകുന്നത്. ആറ് ബാച്ചുകളിലായി 300 പേർക്കുള്ള പരിശീലനം ഇതുവരെ നൽകി. നിലവിൽ ഏഴാമത് ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു.

 

കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. ആദ്യ വർക്ക് ഓർഡർ വിതരണം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഫ് നിർവഹിച്ചു. കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ നാസർ വിശിഷ്ടാതിഥിയായി.

നഗരസഭാധ്യക്ഷ കെ കെ ജയമ്മ, കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ, കെഎസ്ഡിപി ചെയർമാൻ സിബി ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ ഡോ. പ്രതീഷ് ജി പണിക്കർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ എസ് അനിൽകുമാർ, ബോർഡ് അംഗങ്ങളായ കെ ഡി അനിൽകുമാർ, കെ എൽ ബെന്നി, വി സി ഫ്രാൻസിസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts