Your Image Description Your Image Description

ചെങ്ങന്നൂർ; ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ ഉണ്ടായ ആൾക്കൂട്ട വിചാരണയും അറസ്റ്റും മതനിരപേക്ഷ ഇന്ത്യയ്ക്ക് അപമാനമെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് കന്യാസ്ത്രീകളുടെ കൂടെ അക്രൈസ്തവരായ രണ്ടു സഹോദരിമാരെ കണ്ടു എന്ന ഒറ്റ കാരണത്താൽ ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ പക്ഷപാതപരവും ക്രൂരവുമായ നിലപാടിൽ തകർക്കപ്പെട്ടത് ഇന്ത്യയുടെ മതനിരപേക്ഷതയുടെ മുഖമാണ്.അവരുടെ ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കേണ്ടതിനു പകരം ആ ഉദ്യോഗസ്ഥൻ ചെയ്തത് അവിടുത്തെ ചില ആളുകളെ വിവരം അറിയിച്ച് ആ കന്യാസ്ത്രീകളെ ആക്രമിക്കുവാനുള്ള നിലപാടാണ്. ഭാരതത്തെ സംബന്ധിച്ച് ഇന്നു കാണുന്ന വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് പ്രധാന കാരണം ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനയാണ്. അക്ഷര വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയെ വളർത്തി എക്കാലവും ചില രാഷ്ട്രീയ മേലാളന്മാർക്ക് വാഴാം എന്ന വ്യാമോഹം അസ്തമിക്കും എന്ന ചിന്തയാണ് ഇത്തരം സാമൂഹിക പരിഷ്കർത്താക്കളായ സഭാ ശുശ്രൂഷകരെ കൂട്ടം ചേർന്ന് അക്രമിച്ച് ഇല്ലാതാക്കുന്നതിന്റെ പ്രധാന കാരണം.

അടിമകളായി ഒരു വിഭാഗത്തെ വളർത്തിയെങ്കിൽ മാത്രമേ താങ്കളുടെ ശിഷ്ടകാലം ശോഭനമാകൂ എന്ന് ഈ കൂട്ടർക്ക് അറിയാം. വിവരവും വിദ്യാഭ്യാസവും ഉള്ള തലമുറ അനീതിക്കും അക്രമത്തിനും അഴിമതിക്കും നേരെ വിരൽ ചൂണ്ടും എന്നത് ഇവരെ ഭയപ്പെടുത്തുന്നു. സ്വർണ്ണ കിരീടവും, കേക്കും, അത്താഴ വിരുന്നുകൊണ്ട് കണ്ണു മഞ്ഞളിച്ചു പോകുന്നവർ ഉണ്ടാകാം. എന്നാൽ എല്ലാവരെയും ആ കൂട്ടത്തിൽ പെടുത്തരുത്. ക്രൈസ്തവരെ ആക്രമിക്കുന്നതിലും, അക്രമിച്ചതിന്റെ പേരിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് ആഗ്രഹിക്കുന്നവരും തകർക്കുന്നത് ഭാരതത്തിന്റെ മഹത്തരമായ സംസ്കാരത്തെയും, നീതിബോധത്തെയും, മതനിരപേക്ഷതയും ആണ്. സാമൂഹ്യ പ്രതിബദ്ധതയോടെ ഉള്ള സഭയുടെ പ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ഇത്തരം ബാലിശമായ പ്രവർത്തനങ്ങൾ കൊണ്ട് സാധ്യമല്ല. കന്യാസ്ത്രീകളെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനും, തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട നേതൃത്വം തയ്യാറാകണം.

ക്രൈസ്തവ സമൂഹത്തിന് നേരെ നടത്തുന്ന സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തനത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ഇത്തരം വിഷയങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നത് സഭാ നേതൃത്വത്തിന് ബോധ്യമുള്ളതാണ്. എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രസ്താവനകൾ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നത് ആർക്കും ഭൂഷണമല്ല. ഇപ്പോൾ സഭകളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഉദ്ദേശം ആരും പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ല. എന്നാൽ സഭയെ സംബന്ധിച്ച് അതിനെ ലക്ഷ്യവും നിലപാടും എക്കാലവും ശക്തവും ഉറച്ചതും ആണ്. ഇത്തരം അക്രമങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാൻ ആർക്കും കഴിയുകയില്ലന്നും മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുന്നറിപ്പ് നൽകി .

Related Posts