Your Image Description Your Image Description

30 വയസ്സ് കഴിഞ്ഞാൽ, അയ്യോ! കല്യാണപ്രായമൊക്കെ കഴിഞ്ഞല്ലോ, എന്ന് നമ്മുടെ നാട്ടിലെ സ്ഥിരം പല്ലവിയാണ്. എന്നാൽ വിവാഹത്തിൽ വലിയ കാര്യമൊന്നുമില്ലെന്ന് പറയുകയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള 35 -കാരനായ മിൻ ഹെങ്‌കായ്. ജോലി ചെയ്യുക, വിവാഹം കഴിക്കുക ഇതൊക്കെ വെറും അർത്ഥമില്ലാത്ത കാര്യങ്ങളാണ് എന്നാണ് മിന്നിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ജോലിയും വിവാഹവും രണ്ടും അനാവശ്യമായ കാര്യങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ നാല് വർഷമായി ഒ​രു ​ഗുഹയിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഇയാളെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നത്.

2021 വരെ ഒരു കാബ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. അതിലൂടെ മാസം $1,400 (ഒരു ലക്ഷത്തിന് മുകളിൽ വരും ഇത്) ഇയാൾ സമ്പാദിക്കുന്നുമുണ്ടായിരുന്നു. 10 മണിക്കൂറുകൾ ജോലി ചെയ്തിട്ടും ഇതെല്ലാം ലോൺ അടയ്ക്കാനെ തികയുന്നുള്ളൂ എന്ന് മനസിലായപ്പോഴാണത്രെ ഇതിലൊന്നും ഒരു അർത്ഥവും ഇല്ല എന്ന് മിന്നിന് തോന്നുന്നത്. അങ്ങനെ ഭൗതികമായ ഈ ലോകം ഉപേക്ഷിക്കാൻ ഇയാൾ തീരുമാനിച്ചു. പക്ഷേ, അപ്പോഴും മിന്നിന് 42,000 ഡോളർ (35,89,068) കടമുണ്ടായിരുന്നു. എന്നാൽ, എന്നെങ്കിലും ആ കടം അടച്ചു തീർക്കാമെന്ന ഒരു പ്രതീക്ഷയും അയാൾക്ക് ഇല്ലായിരുന്നു. ബന്ധുക്കൾ ഒടുവിൽ ഇയാളുടെ സ്വത്തുക്കൾ വിൽക്കുകയും ആ കടങ്ങൾ വീട്ടിത്തീർക്കുകയും ആയിരുന്നു. പിന്നീട് മിൻ തന്റെ സ്ഥലം ​ഗ്രാമത്തിലുള്ള ഒരാളുമായി കൈമാറുകയും അടുത്തുള്ള ഒരു ഗുഹയിൽ താമസിക്കാനായി പോവുകയും ചെയ്തു. 50 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ ഗുഹയെ മിൻ തന്റെ പുതിയ വീടാക്കി മാറ്റി. അതിനായി തന്റെ 6,000 ഡോളർ (5,12,763.30) സമ്പാദ്യവും ചെലവഴിച്ചു.

കൃഷി ചെയ്യുക, നടക്കാനായി പോവുക​, വായിക്കുക എന്നിവയെല്ലാം ചെയ്തുകൊണ്ടാണ് ഇന്ന് മിൻ തന്റെ ജീവിതം ജീവിക്കുന്നത്. രാവിലെ എട്ട് മണിക്ക് എഴുന്നേൽക്കുകയും രാത്രി 10 മണിക്ക് ഉറങ്ങുകയും ചെയ്യുക എന്നതാണ് മിന്നിന്റെ രീതി. കഴിക്കാനുള്ളത് അത്യാവശ്യം കൃഷി ചെയ്തുണ്ടാക്കും. സോഷ്യൽ മീഡിയയിൽ 4 ലക്ഷം ഫോളോവർമാർ മിന്നിനുണ്ട്. ‘ഭൗതിക കാര്യങ്ങളിൽ താല്പര്യമില്ല എന്ന് പറയും എന്നിട്ട് സോഷ്യൽ മീഡിയയിൽ പണമുണ്ടാക്കും’ എന്ന് സോഷ്യൽ മീഡിയയിൽ മിന്നിനെ വിമർശിക്കുന്നവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *