Your Image Description Your Image Description

ബെംഗളൂരു: ധർമ്മസ്ഥലയിൽ നൂറോളം മൃതദേഹങ്ങൾ മറവ് ചെയ്തുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ നടക്കുന്ന തിരച്ചിലിന്റെ രണ്ടാം ദിവസവും കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് പരിശോധിച്ച അഞ്ച് സ്ഥലങ്ങളിലും മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 13 പ്രധാന ഇടങ്ങളാണ് സാക്ഷി ചൂണ്ടിക്കാണിച്ചത്.

എസ്ഐടി തലവൻ പ്രണബ് മൊഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചത്, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധ്യമല്ലെന്നുമാണ്. ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഡിഐജി അനുചേതും സ്ഥിരീകരിച്ചു.

 

മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് അവകാശപ്പെടുന്ന മുൻ ശുചീകരണ തൊഴിലാളിയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ നൽകുന്നത്. ഇന്നലെ ഇദ്ദേഹം ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങളിലും അന്വേഷണ സംഘം ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എട്ടാമത്തേത് നേത്രാവതി നദിയിലെ സ്നാനഘട്ടത്തിനടുത്തും, പതിമൂന്നാമത്തേത് റോഡരികിലുമാണ്. മറ്റ് സ്ഥലങ്ങൾ വനമേഖലയിലോ അല്ലെങ്കിൽ കാടുകൾ നിറഞ്ഞ പ്രദേശങ്ങളിലോ ആണ്. ചില സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്.

പരിശോധന നടക്കുന്ന ഓരോ സ്ഥലത്തും ജിയോ ടാഗിംഗിന് പുറമെ, സർവേക്കല്ലുകൾക്ക് സമാനമായ അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിലും വനംവകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളിലും തിരച്ചിൽ എളുപ്പമാണെങ്കിലും, ധർമ്മസ്ഥല ട്രസ്റ്റിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. അത്തരം സ്ഥലങ്ങളിൽ പരിശോധന നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനിടെ, സാക്ഷി താൻ കണ്ടെത്തിയതാണെന്ന് അവകാശപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഒരു തലയോട്ടിയും അതിൽ പറ്റിപ്പിടിച്ചിട്ടുള്ള മണ്ണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ പരിശോധനാ ഫലങ്ങൾ അന്വേഷണത്തിൽ നിർണായകമായേക്കും.

Related Posts