Your Image Description Your Image Description

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് മൂന്ന് അടിപ്പാതകൾ കൂടി നിർമ്മിക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്.

കൂനമ്മാവ്, പട്ടണം കവല, തൈക്കാവ് എന്നിവിടങ്ങളിലാണു പുതിയ അടിപ്പാതകൾ വരുന്നത്. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരുന്ന പ്രദേശങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നസ്ഥാപിക്കും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട്
വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളിൽ അടിയന്തര പ്രാധാന്യത്തിൽ ക്രോസ് കൾവർട്ടുകൾ നിർമ്മിക്കും. തോടുകളുടെ നീരോഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ വന്നിട്ടുള്ള നിർമ്മാണവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാൻ യോഗത്തിൽ മന്ത്രി നിർദേശിച്ചു.

മൂത്തകുന്നത്ത് 16 കുടുംബങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. വേണ്ടിവന്നാൽ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. നിലവിലെ ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ വേഗത്തിൽ അടയ്ക്കണം.
ആവശ്യമായ ഇടങ്ങളിൽ സർവീസ് റോഡുകളുടെ നീളം വർദ്ധിപ്പിക്കണം, മന്ത്രി പറഞ്ഞു.

ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണത്തിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഓഗസ്റ്റ് 15 നുള്ളിൽ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി.

സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. നിലവിൽ 14 സർവേ ഉദ്യോഗസ്ഥരാണ് ഉള്ളത്.ഇവരുടെ എണ്ണം 40 ആയി ഉയർത്തും. അതിനുപുറമേ ആവശ്യമായ ഡ്രാഫ്റ്റ് മാൻമാരുടെ സേവനവും ഉറപ്പുവരുത്തും. സർവ്വേ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

യോഗത്തിൽ എംപിമാരായ ബെന്നി ബഹനാൻ , ഹൈബി ഈഡൻ, എം.എൽ.എമാരായ കെ.ബാബു, റോജി.എം. ജോൺ, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts