കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് പകരക്കാരനാകാൻ എം.വി. ഗോവിന്ദന് സാധിച്ചില്ലെന്നും യോഗം വിലയിരുത്തി.
ഗോവിന്ദന്റെ ശൈലി, പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കിയതായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. അധികാരം എങ്ങനെയെങ്കിലും നിലനിർത്തണമെന്ന അദ്ദേഹത്തിന്റെ രീതി പാർട്ടിക്കും മുന്നണിക്കും വിള്ളലുണ്ടാക്കിയതായും വിമർശനമുയർന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യോഗത്തിൽ പങ്കെടുത്ത പല നേതാക്കളും അഭിപ്രായപ്പെട്ടു. പിണറായി വിജയനും എം.വി. ഗോവിന്ദനും ചേർന്നുള്ള ഒരു ‘കോക്കസ്’ ആണ് നിലവിൽ സിപിഎമ്മിനെ നയിക്കുന്നതെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. തിരഞ്ഞെടുപ്പിൽ സിപിഐ അംഗങ്ങൾ വ്യാപകമായി യുഡിഎഫിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതാണ് ചുവപ്പുകോട്ടകളുടെ തകർച്ചയ്ക്ക് കാരണമായതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി തന്നെ യോഗത്തിൽ സൂചിപ്പിച്ചു.
