Home » Blog » kerala Max » ​തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുമോ? ലോകകപ്പ് ഫൈനൽ ദിനത്തിലെ അവധി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കായികമന്ത്രി
oj-janeesh.1.3514657-ed

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്റെ ആവേശത്തിൽ രാജ്യം മുഴുകുമ്പോൾ, ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിക്കുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് കായികമന്ത്രി ഒ.ജെ. ജനീഷ് വിരാമമിട്ടു. തിങ്കളാഴ്ച അവധി നൽകാൻ കഴിഞ്ഞാൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്റെ അഭിപ്രായമെങ്കിലും, പെട്ടെന്നൊരു ദിവസം ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില ഭരണപരമായ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രിയിലാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം. മത്സരം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിൽ ആരാധകരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തിങ്കളാഴ്ച സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി നൽകണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ശക്തമായിരുന്നു. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി കൊടുക്കാൻ കഴിയുമെങ്കിൽ നല്ലത് എന്നാണ് കായിക വകുപ്പിന്റെ നിലപാട്. എന്നാൽ പെട്ടെന്നൊരു ദിവസം പൊതുഅവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ് മേഖലയെയും മറ്റ് അടിയന്തര സർക്കാർ സേവനങ്ങളെയും സാരമായി ബാധിക്കും.

ഇത്തരം ഭരണപരമായ തടസ്സങ്ങൾ ഉള്ളതിനാലാണ് ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ കഴിയാത്തത് ഒ.ജെ. ജനീഷ് പറഞ്ഞു. ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കായികവകുപ്പ് ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം സർക്കാർ ഔദ്യോഗിക അവധി പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചനകൾ. സംസ്ഥാന വ്യാപകമായി സർക്കാർ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, എറണാകുളം ജില്ലയിലെ പ്രമുഖ സ്കൂളുകൾ ഉൾപ്പെടെയുള്ള പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച സ്വയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ വരെ ഉറക്കമൊഴിഞ്ഞ് കളി കണ്ട് കടുത്ത ക്ഷീണത്തോടെ കുട്ടികൾ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം.