Home » Blog » kerala Max » കോൺഗ്രസിൽ ഇനി ‘വാമൂടിക്കെട്ട്’; ചാനൽ പാനലിസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി
udf-1

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ മാധ്യമ പാനലിസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി. പാർട്ടി നേതൃത്വത്തെ വെട്ടിലാക്കുന്ന തരത്തിൽ ആഭ്യന്തര തർക്കങ്ങൾ തെരുവിലേക്ക് നീണ്ടതോടെയാണ് മീഡിയ ചെയർപേഴ്‌സണും കെപിസിസി ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർഗ്ഗീസ് വക്താക്കൾക്ക് രേഖാമൂലം കടുത്ത മുന്നറിയിപ്പ് നൽകിയത്. വിവാദ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്ന് യാതൊരുവിധ ഭിന്നസ്വരവും ഉണ്ടാകരുതെന്നും, ഔദ്യോഗിക നിലപാടുകൾ മാത്രമേ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പങ്കുവെക്കാവൂ എന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതുവേദികളിലോ ചർച്ചകളിലോ പരസ്യമായി പ്രകടിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിലെ ആഭ്യന്തര വേദികളിൽ മാത്രം ഉന്നയിക്കുകയും സംഘടനാ സംവിധാനത്തിലൂടെ പരിഹരിക്കുകയും വേണം. പാർട്ടിയുടെയും നേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും വക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ പാർട്ടിയുടെ അച്ചടക്കവും ഐക്യവും ജനങ്ങൾക്കിടയിലെ വിശ്വാസ്യതയും പൂർണ്ണമായും ഉയര്‍ത്തിപ്പിടിക്കണമെന്നും നിർദേശമുണ്ട്.

മുഖ്യമന്ത്രിക്കെതിരെയുള്ള യുവനേതാക്കളുടെ പരസ്യപ്രതികരണം വലിയ ഗ്രൂപ്പ് പോരിലേക്ക് വഴിമാറിയ സാഹചര്യത്തിൽ എഐസിസി നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെട്ടതായാണ് വിവരം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ കെപിസിസി പാനലിസ്റ്റുകൾക്ക് രേഖാമൂലം കത്ത് നൽകിയിരിക്കുന്നത് എന്നാണ് വിവരം.