Home » Blog » kerala Max » താലിബാൻ കസ്റ്റഡിയിൽ നിന്ന് മോചിതയായി; ഭയത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് സാഹസിക യാത്രിക അരുണിമ
Image Credit:facebook/backpackerarunima

Image Credit:facebook/backpackerarunima

അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്നതിനിടെ താലിബാന്‍റെ പിടിയിലായ ട്രാവല്‍ വ്ലോഗര്‍ അരുണിമ സുരക്ഷിത. തന്നെ താലിബാന്‍ പിടികൂടിയെന്നും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ ഇന്നലെ രാത്രി വൈകി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോയിട്ടിരുന്നു.  അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ പ്രവിശ്യയില്‍ കടന്നതിന് പിന്നാലെയാണ് പിടിയിലായത്. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരെ വിട്ടയയ്ക്കുകയായിരുന്നു. തനിച്ച് സ്ത്രീകള്‍ യാത്ര ചെയ്യുന്നതും പുറത്തിറങ്ങി നടക്കുന്നതും താലിബാനില്‍ നിയമവിരുദ്ധമാണ്. കുറച്ച് മണിക്കൂറുകള്‍ ടെന്‍ഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂവെന്നും അവര്‍ കുറിച്ചു.

രാത്രി ഏഴു മണിയോടെയാണ് അരുണിമ ബാമിയാനിലെത്തിയത്. വണ്ടിയില്‍ നിന്നും ഇറങ്ങിയതോടെ താലിബാന്‍ എത്തിയെന്നും വീസയും പാസ്പോര്‍ട്ടും ചോദിച്ചുവെന്നും അരുണിമ പറയുന്നു. താമസിക്കുന്നതെവിടെയാണെന്ന് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചില്ല, സേഫ് ആയ ഒരിടത്ത് നില്‍ക്കുമെന്ന് പറഞ്ഞുവെന്നും അത് അവര്‍ അംഗീകരിച്ചില്ലെന്നും അരുണിമ പറയുന്നു. തനിച്ച് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പെര്‍മിറ്റ് എടുക്കണമെങ്കില്‍ ഗൈഡ് വേണമെന്നും താലിബാന്‍ അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 27 ദിവസമായി താന്‍ തനിച്ചാണ് അഫ്ഗാനിലൂടെ യാത്ര ചെയ്തതെന്ന് മനസിലാക്കിയതോടെ ഗുരുതര നിയമലംഘനം നടത്തിയെന്ന് അവര്‍ പറഞ്ഞുവെന്നും അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചുവെന്നും അരുണിമ എഴുതുന്നു. കയ്യും കാലും പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയതെന്നും എന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് തോന്നിയെന്നും അവര്‍ വെളിപ്പെടുത്തി. ഇന്ന് ഉസ്ബെക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് പോകുകയാണെന്നും അതിന് 500 കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടതുണ്ടെന്നും അരുണിമ പറയുന്നു. ബോര്‍ഡര്‍ എത്തുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് യാത്ര ചെയ്യേണ്ടി വരുമെന്നും കള്ളം പറഞ്ഞേ രക്ഷപെടാന്‍ പറ്റൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ താനിട്ട സന്ദേശത്തിന് പിന്നാലെ നിരവധി കോളും മെസേജുകളും കണ്ടുവെന്നും ആര്‍ക്കും റിപ്ലെ ചെയ്യാന്‍ പറ്റിയ മാനസികാവസ്ഥയില്‍ അല്ല, എല്ലാവരോടും സ്നേഹം യാത്രകള്‍ തുടരുമെന്നും സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *