
തിരുവനന്തപുരം: മാലിന്യമുക്ത കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നത രൂക്ഷം. ഇതോടെ, മാലിന്യനിർമാർജനത്തിനായി വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. ‘നിർമലം’ പദ്ധതിക്ക് പിന്നാലെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലാണ് മറ്റൊരു പദ്ധതി കൂടി ആരംഭിച്ചത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നാണ് ആരോപണം.
ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് ‘ഐസി 100 ചലഞ്ച്’ എന്ന പേരിൽ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പദ്ധതിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് രണ്ട് പദ്ധതികൾ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് ബന്ധപ്പെട്ടവർക്കിടയിലെ സംസാരം.
അതേസമയം, ‘ഐസി 100 ചലഞ്ചി’ൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് കാര്യമായ പങ്കാളിത്തമില്ലെന്ന ആക്ഷേപവും ഉണ്ട്. മാലിന്യമുക്ത കേരളം എന്ന ഒരേ ലക്ഷ്യത്തോടെ തദ്ദേശ വകുപ്പ് രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നിലെ ഭരണതല തർക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ ഭിന്നത പദ്ധതികളുടെ ഏകോപനത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുമോ? എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
