Home » Blog » kerala Max » ​’ഡാനി ഭായി’യുടെ ലഹരിക്കടത്ത് കൃഷി: വാഴക്കുലയ്ക്കുള്ളിൽ 600 ഗ്രാംവരെ രാസലഹരി ,ഓരോ കുലയിലും രഹസ്യ പാക്കറ്റുകൾ
OOK-680x450

വാഴക്കുലയ്ക്കുള്ളിൽ രാസലഹരി ഒളിപ്പിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കടത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ‘ഡാനി ഭായി’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് എസ്. നായർ ഇടനിലക്കാരൻ മാത്രമല്ലെന്നും ബെംഗളൂരുവിൽ രാസലഹരി നിർമിക്കുന്ന കേന്ദ്രത്തിൽ ഇയാൾക്ക് പങ്കാളിത്തമുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. നൈജീരിയൻ പാചകക്കാരിൽനിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ധനേഷ് പോലീസിന് നൽകിയ മൊഴി. ഡാർക്ക് വെബ്സൈറ്റുകൾ വഴിയാണ് പ്രധാനമായും വിൽപന നടക്കുന്നതെന്നും ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ ആഫ്രിക്കൻ കോളനികൾ കേന്ദ്രീകരിച്ച് നിരവധി പേർ രാസലഹരി നിർമിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ ‘കുക്ക്’ എന്നാണ് വിളിക്കുന്നത്. അന്വേഷണസംഘത്തിന് ഇവരിലേക്ക് എത്തുക വെല്ലുവിളിയാണെങ്കിലും ബെംഗളൂരു പോലീസിന്റെ സഹകരണം ലഭിക്കുന്നുണ്ട്. ബെംഗളൂരു മുൻ ക്രൈം എസ്.പി കൂടിയായ എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ ഇടപെടലും ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സഹായകമായി.

2023-ൽ ബെംഗളൂരുവിലെത്തിയ ധനേഷ് കഴിഞ്ഞ മൂന്ന് വർഷമായി രാസലഹരി കടത്തിന്റെ മുൻനിരയിലുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വാഴക്കുലയുടെ ഉള്ളിൽ പാക്കറ്റുകൾ ഒളിപ്പിച്ച് പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞാണ് കേരളത്തിലേക്ക് അയച്ചിരുന്നത്. ഓരോ കുലയിലും പല പാക്കറ്റുകളിലായി 600 ഗ്രാംവരെ രാസലഹരി ഒളിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സാധനങ്ങൾ അയച്ചശേഷം ധനേഷ് അതിന്റെ ദൃശ്യങ്ങൾ ഏജന്റുമാർക്ക് കൈമാറും. ചരക്ക് ലഭിച്ചാൽ ഏജന്റുമാരും തിരിച്ചുള്ള ദൃശ്യങ്ങൾ അയയ്ക്കണം. കടത്ത് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിയെന്ന് ഉറപ്പാക്കാനായിരുന്നു ഈ രീതി.

കൊച്ചിയിലെ ഏജന്റുമാരിലൊരാളായ പള്ളുരുത്തി സ്വദേശി ഹരികൃഷ്ണൻ ധനേഷിന് അയച്ച വീഡിയോ പോലീസിന്റെ കൈവശമെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം രാസലഹരിയുമായി ഹരികൃഷ്ണനെ പിടികൂടി. ബാക്കിയുള്ള ലഹരിവസ്തുക്കൾ ഇയാളുടെ കച്ചവട പങ്കാളിയായ ഷിനുവിന്റെ തോപ്പുംപടിയിലെ വീട്ടിലെ പക്ഷിക്കൂട്ടിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ധനേഷ് പിടിയിലായതോടെ ഇയാളിൽനിന്ന് ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന കേരളത്തിലെ ഏജന്റുമാർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് തടസ്സമായി. യുവ കർഷക അവാർഡ് നേടിയ വ്യക്തിയാണ് ധനേഷ് എന്ന വിവരവും കേസിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *