Home » Blog » kerala Max » ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ച് പി.ടി. ഉഷ
usha--680x450

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ കുറ്റപ്പെടുത്തി. സംഭവത്തിൽ ഐ.ഒ.സിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ നിർണായകമായ ഈ പ്രതികരണം. എന്നാൽ തോൽവിയുടെ നിരാശ കൊണ്ടല്ലെന്നും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും നടപടികളുടെ സുതാര്യതയും സംരക്ഷിക്കാനുമാണ് വിഷയത്തിൽ ഇടപെടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വോട്ടർമാർക്കിടയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചതും കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തിയതും പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വിഷയം ഐ.ഒ.സിയുടെ എത്തിക്സ് കമ്മീഷന് കൈമാറി അന്വേഷിക്കണമെന്നും, 2036-ൽ ഒളിമ്പിക്സിന് വേദിയാകാൻ ശ്രമിക്കുന്ന ഇന്ത്യക്ക് കായിക ഭരണരംഗത്ത് അന്താരാഷ്ട്ര നിലവാരം അത്യാവശ്യമാണെന്നും പി.ടി. ഉഷ ഓർമ്മിപ്പിച്ചു. വിഷയം നിലവിൽ കോടതിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അസോസിയേഷൻ പ്രതിനിധിയായി ഇനി ഐ.ഒ.എ ഭാരവാഹിത്വത്തിന് ശ്രമിക്കില്ലെന്നും ഉഷ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *